ഫ്‌ളോറിഡ വെടിവയ്പ്: വീഴ്ച സമ്മതിച്ച് എഫ്ബിഐ

പാര്‍ക്‌ലാന്‍ഡ് (ഫ്‌ളോറിഡ): ഫ്‌ളോറിഡ വെടിവയ്പ് തടയുന്നതില്‍ വീഴ്ച പറ്റിയതായി യുഎസ് അന്വേഷണ ഏജന്‍സിയായ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ). വെടിവയ്പുമായി ബന്ധപ്പെട്ട് ആഴ്ചകള്‍ക്ക് മുമ്പ് മുന്നറിയിപ്പ് ലഭിച്ചതായി സമ്മതിച്ച് എഫ്ബിഐ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി.
പാര്‍ക്‌ലാന്‍ഡിലെ സ്റ്റോണ്‍മാന്‍ ഡഗ്ലസ് ഹൈസ്‌കൂളിലാണ് വെടിവയ്പുണ്ടായത്. 17 വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണവുമായി ബന്ധപ്പെട്ട് സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥി നികോളാസ് ക്രൂസ് (19) അറസ്റ്റിലായിരുന്നു. ക്രൂസ് ആക്രമണത്തിനു തയ്യാറെടുക്കുന്നതായി അയാളോട് അടുപ്പമുള്ളതായി കരുതുന്ന ഒരാളാണ് എഫ്ബിഐ ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. ജനുവരി അഞ്ചിനാണ്് നികോളാസ് ക്രൂസിന്റെ പരിചയക്കാരന്‍ തങ്ങളെ വിളിച്ചതെന്നും എഫ്ബിഐ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ക്രൂസ് തോക്ക് കൈവശം വയ്ക്കുന്നതായും ആളുകളെ കൊല്ലാന്‍ ആഗ്രഹിക്കുന്നതായും എഫ്ബിഐക്ക് ലഭിച്ച മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.
തോക്ക് വാങ്ങിയതും ആളുകളെ കൊല്ലാനുള്ള മനോഭാവവുമടക്കമുള്ള കാര്യങ്ങള്‍ ക്രൂസ് തന്റെ സാമൂഹിക മാധ്യമ പോസ്റ്റുകളിലും വ്യക്തമാക്കിയിരുന്നു. സ്‌കൂളില്‍ ആക്രമണം നടത്തുമെന്നതിന്റെ സൂചനയും പോസ്റ്റുകളിലുണ്ട്. ഇക്കാര്യങ്ങള്‍ സംബന്ധിച്ചുള്ള വിവരങ്ങളും എഫ്ബിഐക്ക് ലഭിച്ചിരുന്നു. സാധാരണഗതിയില്‍ ഇത്തരം വിവരങ്ങള്‍ മയാമിയിലെ എഫ്ബിഐ ഫീല്‍ഡ് ഓഫിസിലേക്ക് കൂടുതല്‍ അന്വേഷണത്തിനായി അയക്കാറാണ് പതിവ്. എന്നാല്‍, അക്കാര്യം ചെയ്യുന്നതില്‍ പ്രാദേശിക ഉദ്യോഗസ്ഥര്‍ പരാജയപ്പെട്ടതായി എഫ്ബിഐയുടെ പ്രസ്താവനയില്‍ പറയുന്നു.
എആര്‍ 15 അസാള്‍ട്ട് റൈഫിളുപയോഗിച്ചാണ് അക്രമി വെടിയുതിര്‍ത്തത്. കേസുമായി ബന്ധപ്പെട്ട നടപടികളില്‍ യുഎസ് അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സ് എഫ്ബിഐയില്‍ നിന്നു റിപോര്‍ട്ട് തേടിയിരുന്നു. കേസില്‍ വീഴ്ച വരുത്തിയതിന്റെ പശ്ചാത്തലത്തില്‍ ഫ്‌ളോറിഡയില്‍ എഫ്ബിഐക്കെതിരേ പ്രതിഷേധം ശക്തമാവുകയാണ്. എഫ്ബിഐ ഡയറക്ടര്‍ ക്രിസ്റ്റഫര്‍ വ്രേ രാജിവയ്ക്കണമെന്നു ഫ്‌ളോറിഡ ഗവര്‍ണര്‍ റിക്ക് സ്‌കോട്ട് ആവശ്യപ്പെട്ടു. കൊലപാതകം തടയുന്നതില്‍ എഫ്ബിഐയുടെ അലംഭാവം അംഗീകരിക്കാനാവില്ലെന്നും റിപബ്ലിക്കന്‍ നേതാവുകൂടിയായ സ്‌കോട്ട് വ്യക്തമാക്കി.

RELATED STORIES

Share it
Top