ഫ്‌ളൈറ്റ് റദ്ദാക്കി: ആനുകൂല്യം നല്‍കാന്‍ ഉത്തരവ്

തൃശൂര്‍: ഫ്‌ളൈറ്റ് ബുക്കിങ് റദ്ദ് ചെയ്തപ്പോള്‍ അര്‍ഹതപ്പെട്ട ആനുകൂല്യം നിഷേധിച്ചതിനെ തുടര്‍ന്ന് ഫയലാക്കിയ ഹര്‍ജിയില്‍ പരാതിക്കാര്‍ക്ക് അനുകൂലവിധി. തൃത്തല്ലൂര്‍ സ്വദേശിനി സമീറ മുഹമ്മദ്, മക്കള്‍ നഫ്‌ല മുഹമ്മദ്, നജ്‌വ മുഹമ്മദ്, നിഹാല അറക്കല്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്ന് ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് വാടാനപ്പിള്ളിയിലുള്ള അക്ബര്‍ ട്രാവല്‍സിന്റെ മാനേജര്‍ക്കെതിരേയും കൊച്ചിയിലുള്ള എയര്‍ ഇന്ത്യ ഓഫിസ് മാനേജര്‍ക്കെതിരേയും വിധിയായത്.
ഹര്‍ജിക്കാര്‍ 39,092 രൂപ(2230 ദിര്‍ഹം) നല്‍കിയാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. യാത്ര അടിയന്തിര ഘട്ടത്തില്‍ റദ്ദ് ചെയ്യേണ്ടി വന്നു. റദ്ദ് ചെയ്യുന്നത് 72 മണിക്കൂറിനുള്ളിലാണെങ്കില്‍ ഓരോ യാത്രക്കാരില്‍ നിന്നും 200 ദിര്‍ഹം വീതം പിടിച്ച് ബാക്കി സംഖ്യ യാത്രക്കാര്‍ക്ക് ആ വര്‍ഷത്തില്‍ വരുന്ന മറ്റൊരു യാത്രക്ക് വേണ്ടി കരുതി വെക്കേണ്ടതാണ്.
എന്നാല്‍ ഇപ്രകാരം അര്‍ഹതപ്പെട്ട സംഖ്യ എതിര്‍കക്ഷികള്‍ അനുവദിക്കുകയുണ്ടായില്ല. തുടര്‍ന്ന് ഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നു. തെളിവുകള്‍ പരിഗണിച്ച പ്രസിഡന്റ് പി കെ ശശി, മെംപര്‍മാരായ വി വി ഷിന, എം പി ചന്ദ്രകുമാര്‍ എന്നിവരടങ്ങിയ തൃശൂര്‍ ഉപഭോക്തൃ കോടതി ഹര്‍ജിക്കാര്‍ക്ക് ഒരു വര്‍ഷത്തെ ഫ്‌ളൈറ്റ് യാത്രക്കായി മൊത്തം 1520 ദിര്‍ഹം അനുവദിച്ചും നഷ്ടപരിഹാരമായി 5000 രൂപ നല്‍കുവാന്‍ കല്‍പ്പിച്ചും വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹര്‍ജിക്കാര്‍ക്ക് വേണ്ടി അഡ്വ. എ ഡി ബെന്നി ഹാജരായി.

RELATED STORIES

Share it
Top