ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ഉത്തര കൊറിയയിലേക്കു ക്ഷണം

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയെ ഉത്തര കൊറിയയിലേക്ക് ക്ഷണിച്ച് ഭരണാധികാരി കിം ജോങ് ഉന്‍. വത്തിക്കാനില്‍ സന്ദര്‍ശനത്തിനെത്തിയ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നാണ് കിമ്മിന്റെ സന്ദേശം മാര്‍പാപ്പയെ അറിയിച്ചത്.
സന്ദര്‍ശനം നടത്തുന്നതിനോട് അനുഭാവപൂര്‍ണമായ സമീപനമാണു വത്തിക്കാന്‍ സ്വീകരിച്ചതെന്നു ദക്ഷിണ കൊറിയന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാല്‍, ഉത്തര കൊറിയയിലേക്ക് അപ്രതീക്ഷിതമായ സന്ദര്‍ശനം മാര്‍പാപ്പ ഗൗരവമായി ആലോചിക്കുന്നുണ്ടെന്നും എന്നാല്‍, ചില വ്യവസ്ഥകള്‍ പാലിക്കേണ്ടിവരുമെന്നും വത്തിക്കാന്‍ പ്രതിനിധി കര്‍ദിനാള്‍ പീട്രോ പരോലിന്‍ അറിയിച്ചു. സന്ദര്‍ശനത്തിന് പോപ്പ് സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഔപചാരിക ക്ഷണത്തിന് കാത്തിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. മതാചാരങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന രാജ്യമാണ് ഉത്തര കൊറിയ. മതപുരോഹിതരുടെ സന്ദര്‍ശനത്തിനും വിലക്കേര്‍പ്പെടുത്തിയ രാജ്യം കൂടിയാണ് ഉത്തര കൊറിയ.
മാര്‍പാപ്പമാരില്‍ ആരും ഉത്തര കൊറിയ സന്ദര്‍ശിച്ചിട്ടില്ല. പോപ് ഉത്തര കൊറിയ സന്ദര്‍ശിക്കണമെന്ന ആഗ്രഹം അടുത്തിടെ നടന്ന കൂടിക്കാഴ്ചയ്ക്കിടെയാണ് കിം ജോങ് ഉന്‍ ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ അറിയിച്ചത്. തുടര്‍ന്നായിരുന്നു സന്ദേശം മൂണ്‍ ജെ–ഇന്‍ കൈമാറിയത്. കൊറിയയില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള എല്ലാ ശ്രമങ്ങള്‍ക്കും ശക്തമായ പിന്തുണയുണ്ടെന്നു വത്തിക്കാന്‍ വക്താവ് അറിയിച്ചു.

RELATED STORIES

Share it
Top