ഫ്രാങ്കോ മുളയ്ക്കല്‍: സാധാരണ കുടുംബത്തില്‍ ജനിച്ചു; വമ്പന്‍മാരുടെ ഉറ്റതോഴനായി

കോട്ടയം: ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലാവുന്ന രാജ്യത്തെ ആദ്യത്തെ ബിഷപ്പായി ഫ്രാങ്കോ മുളയ്ക്കല്‍. ജലന്ധര്‍ രൂപതയുടെ ഏകാധിപതിയായ ഫ്രാങ്കോയെക്കുറിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നതാണ്. വമ്പന്‍മാരുടെ ഉറ്റതോഴനായ ഫ്രാങ്കോയുടെ രാഷ്ട്രീയബന്ധങ്ങളും അനവധിയാണ്.
1964ല്‍ തൃശൂര്‍ മറ്റത്ത് ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച ഫ്രാങ്കോ മുളയ്ക്കല്‍ ഇംഗ്ലീഷ് സാഹിത്യത്തിലും സോഷ്യോളജിയിലും ബിരുദാനന്തര ബിരുദം നേടി. പിന്നീട് ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ്. 1990ല്‍ പൗരോഹിത്യം നേടി വികാരിയായി. തുടര്‍ന്ന്, 2009ല്‍ ഡല്‍ഹിയില്‍ സഹായമെത്രാനായി. അന്ന് വത്തിക്കാന്‍ എംബസിയിലെ പ്രധാനികളുമായുള്ള സൗഹൃദത്തിലൂടെ ഉന്നതതല ബന്ധങ്ങളുണ്ടാക്കിയെടുത്തു. 2013ല്‍ ഫ്രാങ്കോയ്ക്ക് ജലന്ധറിലെ ബിഷപ്പായി സ്ഥാനക്കയറ്റം ലഭിച്ചു. 2013 ജൂണ്‍ 13നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഇദ്ദേഹത്തെ ബിഷപ്പായി നിയമിക്കുന്നത്. സെക്രട്ടറി ഓഫ് റീജ്യനല്‍ ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് നോര്‍ത്ത്, റോമിലെ കണ്‍സള്‍ട്ടര്‍ ഫോര്‍ പോന്തിഫിക്കല്‍ ഫോര്‍ ഇന്റര്‍ റിലീജ്യസ് ഡയലോഗ് എന്നീ നിലകളിലും ഫ്രാങ്കോ മുളയ്ക്കല്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സാമ്പത്തികമായി ഉയര്‍ന്ന നിലയിലുള്ള രൂപതയായ ജലന്ധര്‍ രൂപത പോപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലും ലത്തീന്‍ സഭയുടെ കീഴിലുമാണ്. എന്നാല്‍, ആ സഭയ്ക്ക് മെത്രാനില്ലാതിരുന്നതിനാലാണ് സിറോ മലബാര്‍ സഭയില്‍നിന്നു ഫ്രാങ്കോ മുളയ്ക്കല്‍ ബിഷപ്പായി നിയമിതനാവുന്നത്.
ഡല്‍ഹിയിലെ ചുമതലയാണ് ബിഷപ്പിനെ രാഷ്ട്രീയ നേതാക്കളുടെ അടുപ്പക്കാരനാക്കിയത്. ഇതുവഴി പഞ്ചാബില്‍ തന്റേതായ സാമ്രാജ്യം ബിഷ പ് സ്ഥാപിച്ചെടുത്തു. രാഷ്ട്രീയത്തിലെ നിര്‍ണായക ഇടപെടലുകള്‍ അദ്ദേഹത്തിന്റെ സ്വാധീനം വര്‍ധിപ്പിച്ചു. ബിഷപ്പിനെ പിന്തുണയ്ക്കാന്‍ രാഷ്ട്രീയ നേതാക്കള്‍ പരസ്യമായി രംഗത്തുവന്നതിനും കാരണമിതാണ്. പ്രാര്‍ഥനകള്‍ക്കായി തുടങ്ങിയ പ്രാര്‍ഥനാ ഭവന്‍ ചാനല്‍വഴി തനിക്ക് അനുകൂലമായ പ്രചാരണായുധമാക്കാന്‍ ബിഷപ്പിനായി. വിശ്വാസികള്‍ ബിഷപ്പിനുവേണ്ടി സിന്ദാബാദ് വിളിക്കുന്നതുപോലും ഇതിലൂടെ പ്രക്ഷേപണം ചെയ്തു. പഞ്ചാബിലെ ബിഷപ്പിന്റെ സ്വാധീനമാണ് ജലന്ധറില്‍ പോയി വീണ്ടും ചോദ്യം ചെയ്യുന്നതില്‍ നിന്നു കേരളാ പോലിസിനെ പിന്തിരിപ്പിച്ചത്.
കേരളത്തില്‍ നിന്നു ജലന്ധറിലെത്തിയ അന്വേഷണസംഘത്തെ വന്‍സുരക്ഷ ഒരുക്കിയാണ് പഞ്ചാബ് പോലിസ് ചോദ്യംചെയ്യുന്നതിനുള്ള അവസരം പോലുമൊരുക്കിയത്. ഫ്രാങ്കോയെ അറസ്റ്റ് ചെയ്താ ല്‍ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാവുമെന്നാണ് പഞ്ചാബ് പോലിസ് പറഞ്ഞത്. ഇതിനായി രൂപതയിലെ സംഘടനകളെയാണ് ബിഷപ് ഫ്രാങ്കോ ആയുധമായി ഉപയോഗിച്ചിരുന്നത്. തനിക്ക് അനുകൂലമായി നില്‍ക്കാത്തവരെ ബിഷപ് സ്ഥലംമാറ്റുന്നത് പതിവായിരുന്നുവെന്നു കന്യാസ്ത്രീകള്‍ തന്നെ ആരോപണമുന്നയിച്ചിരുന്നു.
മിഷനറീസ് ഓഫ് ജീസസ് (എംജെ) സന്ന്യാസസമൂഹത്തിന്റെ മദര്‍ ജനറലിനു കന്യാസ്ത്രീകള്‍ നല്‍കിയ പരാതികളില്‍ ഞെട്ടിക്കുന്ന കാര്യങ്ങളാണുണ്ടായിരുന്നത്. പീഡനത്തെത്തുടര്‍ന്ന് ഫോര്‍മേറ്റര്‍ ചുമതല വഹിച്ചിരുന്നയാളടക്കം 18 കന്യാസ്ത്രീകളാണ് സഭ വിട്ടത്.

RELATED STORIES

Share it
Top