ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന ജലന്ധര്‍ മുന്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസ് ഡയറിയും പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച വസ്തുതകളും പരിശോധിച്ചപ്പോള്‍ ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ ശരിയാണെന്ന് ബോധ്യപ്പെട്ടതായി ജാമ്യഹരജി തള്ളി കോടതി വ്യക്തമാക്കി.
സഭയില്‍ ബിഷപ്പിനുള്ള അധികാരങ്ങളും കന്യാസ്ത്രീക ള്‍ക്കുള്ള അധികാരങ്ങളും പ്രഥമദൃഷ്ട്യാ അസന്തുലിതമാണ്. അതിനാല്‍, പദവി ദുരുപയോഗം ചെയ്ത് ബിഷപ് പീഡിപ്പിച്ചെന്ന ആരോപണത്തെ സംശയിക്കാനാവില്ല. ഇതുവരെ ബിഷപ്പിനെതിരേ വന്ന തെളിവുകള്‍ പരിശോധിക്കുമ്പോള്‍ ആരോപണങ്ങള്‍ തെറ്റാണെന്നു പറയാനാവില്ല. എന്തുകൊണ്ട് കന്യാസ്ത്രീ പീഡനവിവരം നേരത്തേ വെളിപ്പെടുത്തിയില്ലെന്നതു സംബന്ധിച്ച് പ്രോസിക്യൂഷന്‍ പറയുന്ന കാര്യങ്ങള്‍ കോടതി വിശ്വസിക്കുകയാണ്.
തെളിവു നശിപ്പിക്കുന്നതു സംബന്ധിച്ച് മൂന്നു കേസുകളാണ് വിവിധ സ്റ്റേഷനുകളിലായി പോലിസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നീതിനിര്‍വഹണം കാര്യക്ഷമമായും സുഗമമായും നീതിയുക്തമായും നടപ്പാക്കുന്നതിനു പ്രതി പുറത്തു നി ല്‍ക്കുന്നത് തടസ്സമാണ്. അന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്നാണ് പോലിസ് പറയുന്നത്. ക്രിമിനല്‍ നടപടി ചട്ടങ്ങളിലെ 164ാം വകുപ്പു പ്രകാരമുള്ള മൊഴികള്‍ ഇനിയും രേഖപ്പെടുത്താനുണ്ട്. ഈ സാഹചര്യങ്ങളും കേസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വകുപ്പുകളുടെ കാഠിന്യവും പരിഗണിക്കുമ്പോ ള്‍ ജാമ്യാപേക്ഷ അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

RELATED STORIES

Share it
Top