ഫ്രാങ്കന്‍സ്റ്റൈന് 200 വയസ്സ്‌

റൊമാന്റിക് കാലഘട്ടത്തിലെ പ്രമുഖ കവിയായിരുന്ന ഷെല്ലിയുടെ ജീവിതപങ്കാളിയായിരുന്നു മേരി ഗോഡ്‌വിന്‍. 18ാമത്തെ വയസ്സിലാണ് മേരി, ഫ്രാങ്കന്‍സ്റ്റൈന്‍ എന്ന ശാസ്ത്രനോവലെഴുതുന്നത്. മറ്റൊരു കവിയായ ബൈറനോടൊപ്പം ജനീവ തടാകത്തിനടുത്ത് താമസിക്കുമ്പോഴാണ് സമയം കൊല്ലാനുള്ള മാര്‍ഗമെന്ന നിലയില്‍ കൂട്ടുകാരൊക്കെ പ്രേതകഥയെഴുതാന്‍ തീരുമാനിച്ചത്. 1818ലായിരുന്നു അത്. അന്നു രചിക്കപ്പെട്ട നോവലുകളില്‍ രണ്ടെണ്ണം പിന്നീട് പ്രേതകഥകളുടെ മാനദണ്ഡങ്ങളായി. ഒന്ന് ബ്രാംസ്റ്റോക്കറുടെ ഡ്രാക്കുളയ്ക്ക് പ്രചോദനമായ വാംപയര്‍. രണ്ടാമത്തേത് മേരിയുടെ ഫ്രാങ്കന്‍സ്റ്റൈന്‍.
ശാസ്ത്രജ്ഞനായ ഡോ. വിക്റ്റര്‍ ഫ്രാങ്കന്‍സ്റ്റൈന്‍ ഒരു കൃത്രിമ മനുഷ്യനെ സൃഷ്ടിക്കുന്നതാണു കഥ. പിന്നീട് ആ ഭീകരസത്വം സ്രഷ്ടാവിന്റെ തന്നെ പിന്നാലെ കൂടുന്നു. നോവല്‍ പല ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടു. എല്ലാ തലമുറയിലുംപെട്ടവര്‍ അവരുടെ ആശങ്കകള്‍ക്കും ഭയങ്ങള്‍ക്കും നോവലില്‍ വ്യാഖ്യാനങ്ങള്‍ കണ്ടു. ശാസ്ത്രം അതിരുകവിയുന്നതിന്റെ പ്രതീകമായി ഫ്രാങ്കന്‍സ്റ്റൈന്‍ മാറി.
പ്രതിഭാശാലികളായ മാതാപിതാക്കന്‍മാരുടെ തണലില്‍ നിന്നു രക്ഷപ്പെടാനാണ് ഷെല്ലിയോടൊപ്പം മേരി  യൂറോപ്പിലേക്ക് ഒളിച്ചോടുന്നത്. സ്ത്രീവിമോചനവാദിയായിരുന്നു അമ്മ. അച്ഛന്‍ തത്ത്വചിന്തകന്‍. ശാസ്ത്രം പുരോഗമിക്കുന്നതോടൊപ്പം ഭീകരജന്തുക്കളെ സൃഷ്ടിക്കുന്നുവെന്ന ഭയം ബ്രിട്ടനിലെ ദാര്‍ശനികരും കവികളും ശാസ്ത്രജ്ഞരും പങ്കുവയ്ക്കുന്നതിനിടയിലാണ് മേരി തന്റെ നോവല്‍ എഴുതുന്നത്. മേരി ഷെല്ലി ഭാവനയില്‍ കാണാത്ത മട്ടിലാണ് ഫ്രാങ്കന്‍സ്റ്റൈന്‍ പിന്നീട് രൂപം മാറുന്നത്. സിനിമയില്‍ ഭീകരസത്വമായി അഭിനയിച്ച ബോറിസ് കാര്‍ലോഫ് ഡ്രാക്കുളപോലെ വെറുപ്പിന്റെ പ്രതീകമായി. പല ഭാഷകളിലും അതിന്റെ അനുകരണങ്ങള്‍ ഉണ്ടായി. ഇറാഖി നോവലിസ്റ്റായ അഹ്്മദ് സഅദാവി ഈയിടെ രചിച്ച നോവലിന്റെ പേരു തന്നെ ബഗ്ദാദിലെ ഫ്രാങ്കന്‍സ്റ്റൈന്‍ എന്നാണ്.

RELATED STORIES

Share it
Top