ഫ്രാങ്കന്‍സ്റ്റൈന്‍

1818 മാര്‍ച്ചിലാണ് മേരി ഷെല്ലിയുടെ ഫ്രാങ്കന്‍സ്റ്റൈന്‍ എന്ന നോവല്‍ ലണ്ടനില്‍ പുറത്തിറങ്ങിയത്. വെറും 500 കോപ്പി മാത്രമാണ് ആദ്യ പതിപ്പില്‍ അച്ചടിച്ചത്. വിമര്‍ശകര്‍ പുച്ഛത്തോടെയാണ് കൃതിയെ സ്വീകരിച്ചത്. എന്നാല്‍, 200 കൊല്ലം കഴിയുന്ന വേളയില്‍ തിരിഞ്ഞുനോക്കുമ്പോള്‍ ലോകസാഹിത്യത്തിലെ അസാധാരണമായ ഒരു കലാസൃഷ്ടിയായാണ് ഈ കൃതി നിലനില്‍ക്കുന്നത്. ശാസ്ത്രം എങ്ങനെയാണ് മനുഷ്യരാശിക്കു തന്നെ ഭീഷണിയാവുന്ന സൃഷ്ടികള്‍ക്ക് രൂപം കൊടുക്കുന്നത് എന്നാണ് മേരി ഷെല്ലി പറയാന്‍ ശ്രമിക്കുന്നത്.ഫ്രാങ്കന്‍സ്റ്റൈന്‍ ഇന്നു ലോകത്ത് ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു കൃതിയാണ്. ലോകം അതിന്റെ ശാസ്ത്രീയ നേട്ടങ്ങളുടെ ബാക്കിപത്രമായി കഠിനമായ പ്രതിസന്ധികളിലേക്കു മുങ്ങിത്താഴുന്ന കാലത്ത് ഈ കൃതി ഉയര്‍ത്തിപ്പിടിക്കുന്ന ദര്‍ശനം സുപ്രധാനമാകുന്നു. അതിനാലാവണം, ഇപ്പോള്‍ ഗൂഗ്ള്‍ സെര്‍ച്ചില്‍ ഫ്രാങ്കന്‍സ്റ്റൈന്‍ എന്ന വാക്കിന് 60 ലക്ഷത്തിലധികം വിവരണങ്ങളാണ് ലഭിക്കുന്നത്. ഷേക്‌സ്പിയറുടെ മാക്ബത്തിനു പോലും അത്രയേറെ മറുപടികള്‍ ലഭ്യമല്ല. മേരി ഷെല്ലി 18ാം വയസ്സിലാണ് ഈ നോവലിന്റെ രചന ആരംഭിച്ചത്. അക്കാലത്ത് സ്ത്രീകള്‍ സാംസ്‌കാരികരംഗത്ത് അത്യപൂര്‍വമായിരുന്നു. പക്ഷേ, മേരി ഒരു അപൂര്‍വ പ്രതിഭാസമായിരുന്നു. ഇംഗ്ലണ്ടിലെ പ്രശസ്ത ദാര്‍ശനികനായ വില്യം ഗോഡ്‌വിന്‍ പിതാവ്; മാതാവ് ലോകത്തെ ആദ്യ ഫെമിനിസ്റ്റ് മേരി വോസ്റ്റന്‍ക്രാഫ്റ്റ്. ഭര്‍ത്താവ് പ്രശസ്ത കവി പി ബി ഷെല്ലി. ഇപ്പോള്‍ റൊമാന്റിക് കവി ഷെല്ലിയേക്കാള്‍ എത്രയോ വലിയ സ്വാധീനശക്തിയായാണ് മേരി ഷെല്ലി നിലനില്‍ക്കുന്നത്.

RELATED STORIES

Share it
Top