ഫ്രഞ്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന്: മാക്രോണിന്റെ പ്രചാരണരേഖകള്‍ ചോര്‍ന്നുപാരിസ്: പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഫ്രഞ്ച് ജനതയുടെ വിധിയെഴുത്തിനു മണിക്കൂറുകള്‍ മാത്രം ശേഷിക്കെ പുതിയ വിവാദത്തിനു തിരികൊളുത്തി മാക്രോണിന്റെ പ്രചാരണരേഖകള്‍ ചോര്‍ന്നു. പാര്‍ട്ടിയുടെ ആഭ്യന്തരരഹസ്യങ്ങള്‍ ഉള്‍പ്പെട്ട ഇ-മെയിലുകള്‍, സാമ്പത്തിക വിവരങ്ങള്‍ എന്നിവയാണു ചോര്‍ന്നത്. ഒരു വെബ്‌സൈറ്റില്‍ അജ്ഞാതന്‍ പോസ്റ്റ് ചെയ്തതോടെയാണ് വിവരങ്ങള്‍ പരസ്യമായത്. ഏകദേശം ഒമ്പതു ജിബിയോളം വരുന്ന രേഖകളാണു ചോര്‍ന്നത്. രേഖകള്‍ ചോര്‍ന്നതിനു പിന്നില്‍ ആസൂത്രിത ഹാക്കിങാണെന്നു മാക്രോണ്‍ പക്ഷം ആരോപിച്ചു. ആഴ്ചകള്‍ക്കു മുമ്പ് പ്രചാരണത്തിനു നേതൃത്വം നല്‍കിയവര്‍ കൈമാറിയ വിവരങ്ങളാണ് ഇവയെന്നും പാര്‍ട്ടി പ്രതികരിച്ചു. അതേസമയം, ഇന്നു തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ ചോര്‍ന്ന വിവരങ്ങള്‍ പ്രചരിക്കുന്നതു തടയാന്‍ ഫ്രഞ്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിച്ചു. തിരഞ്ഞെടുപ്പ് കഴിയും വരെ ഈ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതും പുനപ്രസിദ്ധീകരിക്കുന്നതും കമ്മീഷന്‍ വിലക്കി. ഇത്തരം നടപടി ക്രിമിനല്‍ കുറ്റമായി കണക്കാക്കുമെന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. രേഖകള്‍ ചോര്‍ന്ന നടപടി മനപ്പൂര്‍വമുള്ള ഹാക്കിങ് ആക്രമണമാണെന്ന് ഇമ്മാനുവല്‍ മാക്രോണ്‍ ആരോപിച്ചു. പുറത്തായ വിവരങ്ങള്‍ വ്യാജരേഖകള്‍ക്കൊപ്പം ചേര്‍ത്ത് തെറ്റിദ്ധരിപ്പിച്ച് പ്രചരിപ്പിക്കുകയാണെന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു.വെള്ളിയാഴ്ച രാത്രിയാണ് ഫയല്‍ കൈമാറ്റ വെബ്‌സൈറ്റുകളിലൊന്നില്‍ തിരഞ്ഞെടുപ്പ് രേഖകള്‍ പ്രത്യക്ഷപ്പെട്ടത്.

RELATED STORIES

Share it
Top