ഫ്രഞ്ച് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് : മാക്രോണിന്റെ പാര്‍ട്ടിക്ക് പാര്‍ലമെന്റില്‍ വന്‍ ഭൂരിപക്ഷംപാരിസ്: ഫ്രഞ്ച് പാര്‍ലമെന്റിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പില്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ഒന്‍മാര്‍ഷ് പാര്‍ട്ടിക്ക് പാര്‍ലമെന്റില്‍ വന്‍ ഭൂരിപക്ഷം. വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ദേശീയ അസംബ്ലിയിലെ 577ല്‍ 361 സീറ്റുകള്‍ മാക്രോണിന്റെ പാര്‍ട്ടി നേടി. റിപബ്ലിക്കന്‍ പാര്‍ട്ടി സഖ്യം 126ഉം സോഷ്യലിസ്റ്റ് പാര്‍ട്ടി സഖ്യം 46ഉം ലാ ഫ്രാന്‍സ് ഇന്‍സോമൈസ് 26ഉം നാഷനല്‍ ഫ്രണ്ട് എട്ടും മറ്റു പാര്‍ട്ടികള്‍ 10ഉം സീറ്റുകള്‍ നേടി. 577 അംഗ പാര്‍ലമെന്റില്‍ ഭൂരിപക്ഷം തികയ്ക്കാന്‍ 289 സീറ്റുകള്‍ മതി. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മാക്രോണിന്റെ എതിരാളിയായിരുന്ന മറീന്‍ ലാ പാനിന്റെ  നാഷനല്‍ ഫ്രണ്ടും പാര്‍ലമെന്റ് സീറ്റിനായി മല്‍സരിച്ചിരുന്നു. എന്നാല്‍, സര്‍വേഫലം ശരിവയ്ക്കുന്ന തരത്തില്‍ എട്ടു സീറ്റ് മാത്രമാണ് ലാ പാനിന്റെ പാര്‍ട്ടിക്ക്് ലഭിച്ചത്. ആദ്യഘട്ട വോട്ടെടുപ്പില്‍ ശതമാനം വളരെ കുറവായിരുന്നെങ്കിലും മാക്രോണിന്റെ പാര്‍ട്ടിക്കായിരുന്നു മേല്‍ക്കൈ. പ്രാരംഭ ഘട്ടത്തില്‍ പോളിങ് ശതമാനം വളരെ കുറവായിരുന്നുവെങ്കിലും പിന്നീട് ഉയരുകയായിരുന്നു.  സോഷ്യലിസ്റ്റ് നേതാവ് ജീന്‍ ക്രിസ്‌റ്റോഫി കാംബാഡെലിസ് പരാജയം അംഗീകരിക്കുകയും പാര്‍ട്ടി പദവി രാജിവയ്ക്കുകയും ചെയ്തു.

RELATED STORIES

Share it
Top