ഫ്രഞ്ച് ഓപണ്‍; ഡൊമിനിക് തീം സെമിയില്‍,ജേക്കോവിച്ച് പുറത്ത്പാരീസ്: മുന്‍ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് ഫ്രഞ്ച് ഓപണിന്റെ ക്വാര്‍ട്ടറില്‍ വീണു. ഇന്നലെ ക്വാര്‍ട്ടറില്‍ നിറഞ്ഞാടിയ ആവേശപ്പോരില്‍ ലോക 72ാം നമ്പര്‍ താരം ഇറ്റലിയുടെ മാര്‍ക്കോ കൊച്ചിനാറ്റോയോടാണ് ജോക്കോവിച്ച് പോരാടിത്തളര്‍ന്നത്. സ്‌കോര്‍ 3-6,6-7,6-1,7-6. ടൈബ്രേക്കിലാണ് താരം പരാജയപ്പെട്ടത്. ആദ്യ രണ്ട് സെറ്റും പരാജയപ്പെട്ട ജോക്കോവിച്ച് അടുത്ത സെറ്റ്് സ്വന്തമാക്കിയെങ്കിലും നാലാം സെറ്റ് ടൈബ്രേക്കില്‍ അടിറവ് വയ്ക്കുകയായിരുന്നു. അതേസമയം, ലോക മൂന്നാം നമ്പര്‍ താരം അലക്‌സാണ്ടര്‍ സെറേവിനെ അട്ടിമറിച്ച് ലോക എട്ടാം നമ്പര്‍ താരം ഓസ്ട്രിയയുടെ ഡൊമിനിക് തീം സെമിയില്‍ കടന്നു. സെറേവിനെ നേരിട്ടുള്ള മൂന്നു സെറ്റുകള്‍ക്ക് അട്ടിമറിച്ചാണ് തീം സെമിയിലേക്ക് കടന്നത്. സ്‌കോര്‍ 6-4,6-2,6-1. ഇതോടെ മാഡ്രിഡ് ഓപണിലേറ്റ ഫൈനലിലെ തോല്‍വിക്ക് പകരം വീട്ടാനും തീമിനായി. അന്ന് തീമിനെ പരാജയപ്പെടുത്തി സെറേവ് കിരീടം ചൂടിയിരുന്നു. വനിതാ സിംഗിള്‍സില്‍ 10ാം നമ്പര്‍ താരം സ്ലൊവാനി സ്റ്റീഫന്‍സും 13ാം നമ്പര്‍ താരം മാഡിസന്‍ കീസും സെമിയില്‍ പ്രവേശിച്ചു. ലോക 98ാം നമ്പര്‍ താരം കസാകിസ്താന്റെ യൂലിയ പുട്ടിന്‍സേവയെ നേരിട്ടുള്ള രണ്ട് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് 13ാം നമ്പര്‍ താരമായ കീസ് സെമിയിലേക്ക് മുന്നേറിയത്. എന്നാല്‍ ലോക രണ്ടാം നമ്പര്‍ താരവും നിലവിലെ ആസ്‌ത്രേലിയന്‍ ഓപണ്‍ ജേത്രിയുമായ കരോളിന്‍ വോസ്‌നിയാക്കിയെ പ്രീക്വാര്‍ട്ടറില്‍ അട്ടിമറിച്ച 21 കാരി റഷ്യയുടെ ദരിയ കസത്കീനയെയാണ് നിലവിലെ ലോക 10ാം നമ്പര്‍ താരം സ്റ്റീഫന്‍സ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-3,6-1. ആദ്യ സെമിയില്‍ മാഡിസന്‍ കീസും സ്ലൊവാനി സ്റ്റീഫന്‍സും തമ്മില്‍ ഏറ്റുമുട്ടും. അതേസമയം, ടോപ് സീഡ് സിമോണ ഹാലെപും 12ാം സീഡ് ആഞ്ചലിക് കെര്‍ബറും തമ്മില്‍ ക്വാര്‍ട്ടറില്‍ പോരടിക്കുമ്പോള്‍  മൂന്നാം സീഡ് ഗാര്‍ബൈന്‍ മുഗുരുസയും 28ാം സീഡ് മരിയ ഷറപ്പോവയും തമ്മില്‍ മറ്റൊരു ക്വാര്‍ട്ടറില്‍ മല്‍സരിക്കും.

RELATED STORIES

Share it
Top