ഫ്രഞ്ച് ഓപണ്‍ ടെന്നിസ്; നദാലും ഷറപ്പോവയും മൂന്നാം റൗണ്ടില്‍പാരീസ്: റോളന്‍ ഗാരോസ് എന്നറിയപ്പെടുന്ന ഫ്രഞ്ച് ഓപണില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് മുന്‍ലോക ഒന്നാം നമ്പര്‍ താരം റഷ്യയുടെ മരിയ ഷറപ്പോവയും നിലവിലെ ഒന്നാം നമ്പര്‍ താരം സ്‌പെയിനിന്റെ റാഫേല്‍ നദാലും. നിലവിലെ ഫ്രഞ്ച് ഓപണ്‍ ചാംപ്യനായ നദാല്‍ ലോക 78ാം നമ്പര്‍ താരം ഗ്വിഡോ പെല്ലേയെയാണ് തറപറ്റിച്ചത്. സകോര്‍ 6-2,6-1,6-1. മൂന്നാം റൗണ്ടില്‍ നദാല്‍ ലോക 28ാം നമ്പര്‍ താരം റിച്ചാര്‍ഡ് ഗാസ്‌കെറ്റുമായി മാറ്റുരയ്ക്കും.  നിലവിലെ ലോക 30ാം നമ്പര്‍ താരം ഷറപ്പോവ ലോക 50ാം നമ്പര്‍ ക്രൊയേഷന്‍ താരം ഡോണ വേകിച്ചിനെയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 7-7, 6-4. എന്നാല്‍ 2015ലെ ഫ്രഞ്ച് ഓപണ്‍ ഫൈനലിസ്റ്റ് ചെക് റിപബ്ലിക്കിന്റെ ലൂസി സഫറോവയ്ക്ക് തോല്‍വി പിണഞ്ഞു. നിലവിലെ ലോക ആറാം നമ്പര്‍ താരവും സ്വന്തം നാട്ടുകാരിയുമായ കരോളിന പ്ലിസ്‌കോവയാണ് സഫറോവയെ പരാജയപ്പെടുത്തിയത്. സ്‌കോര്‍ 3-6, 6-4, 6-1. മൂന്നാം റൗണ്ടില്‍ ഷറപ്പോവയും പ്ലിസ്‌കോവയും തമ്മില്‍ ഏറ്റുമുട്ടും. വനിതകളില്‍ നിലവിലെ ലോക ഒന്നാം നമ്പര്‍ താരം സിമോണ ഹാലെപും രണ്ടാം നമ്പര്‍ താരം കരോളിന്‍ വോസ്‌നിയാക്കിയും മൂന്നാം നമ്പര്‍ താരം ഗാര്‍ബൈന്‍ മുഗുരുസയും നാലാം നമ്പര്‍ താരം എലീന സ്വിറ്റോളിനയും എട്ടാം നമ്പര്‍ താരം പെട്രാ ക്വിറ്റോവയും 10ാം നമ്പര്‍ താരം സ്ലൊവാനി സ്റ്റീഫന്‍സും മൂന്നാം റൗണ്ടിലേക്ക് മുന്നേറിയിട്ടുണ്ട്. മുന്‍ ഫ്രഞ്ച് ഓപണ്‍ ഫൈനലിസ്റ്റ് സൊമാന്ത സ്‌റ്റോസറും മൂന്നാം റൗണ്ടിലെത്തിയിട്ടുണ്ട്. വനിതാ ഡബിള്‍സില്‍ വീനസ് സഹോദരികളായ സെറീന വില്യംസും വീനസ് വില്യംസും രണ്ടാം റൗണ്ടില്‍ മുന്നേറി. മറ്റു പുരുഷ സിംഗിള്‍സില്‍ നിലവിലെ ലോക നാലാം നമ്പര്‍ താരമായ മരിന്‍ സിലിച്ച് റാങ്കിങില്‍ പിറകിലുള്ള ഹുബേര്‍ട്ട് ഹര്‍കാകിനെ ഒന്നിനെതിരേ മൂന്ന് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി മൂന്നാം റൗണ്ടില്‍ കടന്നിട്ടുണ്ട്. ലോക മൂന്നാം നമ്പര്‍ താരം അലക്‌സാണ്ടര്‍ സെറേവും  അഞ്ചാം നമ്പര്‍ താരം ഗ്രിഗര്‍ ദിമിത്രോവും എട്ടാം നമ്പര്‍ താരം ഡൊമിനിക് തീമും ഒമ്പതാം നമ്പര്‍ താരം ഡേവിഡ് ഗോഫിനും കെവിന്‍ ആന്‍ഡേഴ്‌സനും മൂന്നാം റൗണ്ടിലേക്ക് കുതിച്ചു.

RELATED STORIES

Share it
Top