ഫ്രഞ്ച് ഓപണ്‍: ക്വാര്‍ട്ടറില്‍ സെറേവും തീമും മുഖാമുഖംപാരീസ്: ഫ്രഞ്ച് ഓപണിന്റെ ക്വാര്‍ട്ടറില്‍ നിലവിലെ ലോക മൂന്നാം നമ്പര്‍ താരം ജര്‍മനിയുടെ അലക്‌സാണ്ടര്‍ സെറേവും നിലവിലെ എട്ടാം നമ്പര്‍ താരവുമായ ഓസ്ട്രിയയുടെ ഡൊമിനിക് തീമും തമ്മില്‍ ഏറ്റുമുട്ടാനൊരുങ്ങും. എന്നാല്‍ വനിതകളില്‍ ലോക 10ാം നമ്പര്‍ താരം സ്ലൊവാനി സ്റ്റീഫന്‍സും യൂലിയ പുട്ടിന്‍സേവയും മാഡിസന്‍ കീസും ക്വാര്‍ട്ടറിലേക്ക് മുന്നേറിയപ്പോള്‍ മുന്‍ ഫ്രഞ്ച് ഓപണ്‍ ജേത്രികളായ മരിയ ഷറപ്പോവയും സെറീന വില്യംസും തമ്മില്‍ പ്രീക്വാര്‍ട്ടറില്‍ പോരടിക്കും. ഇടവേളയ്ക്ക് ശേഷം ടെന്നിസ് കോര്‍ട്ടിലേക്ക് തിരിച്ചെത്തി നിലവില്‍ ലോക 451ാം നമ്പര്‍ സ്ഥാനം അലങ്കരിക്കുന്ന സെറീന വില്യംസ് നിലവിലെ 11ാം നമ്പര്‍ താരം ജൂലിയ ജോര്‍ജസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് (6-3,6-4) പരാജയപ്പെടുത്തിയാണ് പ്രിക്വാര്‍ട്ടര്‍ സ്ഥാനം ഉറപ്പിച്ചത്. നേരത്തേ ഷറപ്പോവ ആറാം നമ്പര്‍ താരം കരോളിന പ്ലിസ്‌കോവയെ പരാജയപ്പെടുത്തിയിരുന്നു. എന്നാല്‍ ഇന്നലെ വനിതാ സിംഗിള്‍സ് പ്രീക്വാര്‍ട്ടറില്‍ ഇറങ്ങിയ 98ാം നമ്പര്‍ താരം പുട്ടിന്‍സേവ ചെക് റിപബ്ലികിന്റെ നിലവിലെ 26ാം നമ്പര്‍ താരമായ ബാര്‍ബറ സ്‌ട്രൈക്കോവയെ അട്ടിമറിക്കുകയായിരുന്നു. സ്‌കോര്‍ 6-4,6-3. ക്വാര്‍ട്ടറിലെ മറ്റൊരു മല്‍സരത്തില്‍ സ്ലൊവാനി സ്റ്റിഫന്‍സ് ലോക 24ാം നമ്പര്‍ താരമായ അനെറ്റ് കോന്റവെയ്റ്റിനെ അനായാസമായാണ് കീഴ്‌പ്പെടുത്തിയത്.  സ്‌കോര്‍ 6-2,6-0. മാഡിസന്‍ കീസ് മിഹേല ബുസാര്‍ണെസ്‌കുവിനെയും പരാജയപ്പെടുത്തി. സ്‌കോര്‍ 6-1,6-4. പുരുഷ സിംഗില്‍സിലെ പ്രീക്വാര്‍ട്ടറില്‍ ലോക 38ാം നമ്പര്‍ താരം കരണ്‍ ഖജനോവിന്റെ കടുത്ത പോരാട്ടത്തെ അതിജീവിച്ചാണ് സെറേവ് ക്വാര്‍ട്ടറില്‍ കടന്നത്. ഓരോ സെറ്റുകള്‍ പൂര്‍ത്തിയാവുമ്പോഴും ഇരുതാരവും ഒപ്പത്തിനൊപ്പം മുന്നേറിയെങ്കിലും അവസാന രണ്ട് സെറ്റും സ്വന്തമാക്കി സെറേവ് ക്വാര്‍ട്ടറില്‍ കടക്കുകയായിരുന്നു. സ്‌കോര്‍ 4-6, 7-6, 2-6, 6-3, 6-3. ലോക 21ാം നമ്പര്‍ താരം ജപ്പാന്റെ കെയ് നിഷിക്കോരിയെയാണ് എട്ടാം നമ്പര്‍ താരമായ ഡൊമിനിക് തീം മറ്റൊരു പ്രീക്വാര്‍ട്ടറില്‍ മറികടന്നത്. സ്‌കോര്‍ 6-2,6-0,5-7,6-4.

RELATED STORIES

Share it
Top