ഫ്രഞ്ച്് ഓപണ്‍ കിരീടം സിമോണ ഹാലെപിന്


പാരീസ്: തന്റെ കരിയറിലെ ആദ്യ ഗ്രാല്‍ഡ്സ്ലാം കിരീടം സ്വന്തമാക്കി നിലവിലെ ലോക ഒന്നാം നമ്പര്‍ വനിതാ താരം റൊമാനിയയുടെ സിമോണ ഹാലെപ്. ഫൈനലില്‍ ലോക 10ാം നമ്പര്‍ താരം യുഎസ്എയുടെ സ്ലൊവാനി സ്റ്റീഫന്‍സിനെ പരാജയപ്പെടുത്തിയാണ് താരം ആദ്യ ഫ്രഞ്ച് ഓപണ്‍ കിരീടം സ്വന്തമാക്കിയത്. സ്‌കോര്‍ 3-6,6-4,6-1.ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയ ശേഷം പിന്നീടുള്ള രണ്ട് സെറ്റും സ്വന്തമാക്കിയാണ് താരം കന്നി കിരീടത്തില്‍ മുത്തമിട്ടത്. ഇതോടെ കഴിഞ്ഞ വര്‍ഷം നേടിയ റണ്ണേഴ്‌സ് അപ് ട്രോഫി, ചാംപ്യന്‍സ് ട്രോഫിയാക്കാനും താരത്തിനായി.  മുമ്പ് 2014ലും 2017ലും ഫ്രഞ്ച് ഓപണിലെ ഫൈനലിലെത്തിയെങ്കിലും ഫൈനലില്‍ പരാജയപ്പെടാനായിരുന്നു നിലവിലെ ലോക ഒന്നാം നമ്പര്‍ താരത്തിന്റെ വിധി. കഴിഞ്ഞ വര്‍ഷത്തെ ഫ്രഞ്ച് ഓപണിലെ ഫൈനലില്‍ യെലേന ഒസ്റ്റപെങ്കോയോടും 2014ല്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരം മരിയ ഷറപ്പോവയോടുമാണ് ഹാലെപ് തോല്‍വി ഏറ്റുവാങ്ങിയത്.
ഫൈനലിലെ ആദ്യ സെറ്റില്‍ മികച്ച കളി പുറത്തെടുത്ത 2017ലെ യുഎസ് ഓപണ്‍ ജേത്രിയായ സ്റ്റീഫന്‍സിനെതിരേ മികച്ച റിട്ടേണിലൂടെ ഹാലെപ് പൊരുതിയെങ്കിലും സെറ്റ് നഷ്ടമാവുകയായിരുന്നു. എന്നാല്‍ രണ്ടാം സെറ്റില്‍ 0-2ന് പിന്നില്‍ നിന്ന ശേഷം നിലവിലെ ഒന്നാം നമ്പര്‍ താരത്തിന്റെ പ്രകടനം പുറത്തെടുത്ത ഹാലെപ് 6-4ന് സെറ്റ് സ്വന്തമാക്കിയതോടെ മല്‍സരം 1-1ന്റെ സമനിലയില്‍. എന്നാല്‍ അവസാന സെറ്റില്‍ മികച്ച ബ്രേക്ക് പോയിന്റ് സ്വന്തമാക്കിയും റിട്ടേണുകള്‍ കാഴ്ചവച്ചും കളി കീഴടക്കിയ ഹാലെപ് 6-1ന്‍ സ്റ്റീഫന്‍സിനെ തകര്‍ത്ത് കിരീടം ചൂടുകയായിരുന്നു. ഇതോടെ ഇരുവരും നേരിട്ടുവന്ന എട്ട് മല്‍സരങ്ങളില്‍ ആറ് വിജയം സ്വന്തമാക്കാനും ഹാലെപിനായി.
ഹാലെപ് ലോക മൂന്നാം നമ്പര്‍ താരം ഗാര്‍ബൈന്‍ മുഗുരുസയെ പരാജയപ്പെടുത്തി ഫൈനലിലേക്ക് മുന്നേറിയപ്പോള്‍ ലോക 13ാം നമ്പര്‍ താരം മാഡിസന്‍ കീസിനെ തോല്‍പിച്ചാണ് സ്റ്റീഫന്‍സ് ആവേശപ്പോരിന് യോഗ്യത നേടിയത്.

RELATED STORIES

Share it
Top