ഫോറസ്റ്റ് വാച്ചര്‍ക്ക് പരിക്ക്; വനം വകുപ്പ് ആംബുലന്‍സ് വിട്ടുനല്‍കിയില്ലെന്നു പരാതി

കുമളി: ബൈക്ക് അപകടത്തി ല്‍ പരിക്കേറ്റ ഫോറസ്റ്റ് വാച്ചറെ ആശുപത്രിയില്‍ എത്തിക്കാന്‍ വനം വകുപ്പ് ആംബുലന്‍സ് വിട്ടു നല്‍കിയില്ലെന്നു പരാതി. ശനിയാഴ്ച ഉച്ചയോടെയാണ് പെരിയാര്‍ കടുവാ സങ്കേതത്തിലെ വാച്ചര്‍ കുഴിപ്പറമ്പില്‍ അജേഷി(28)ന് കുമളി ഗവ. ആശുപത്രിക്കു സമീപത്തു വച്ച് ബൈക്ക് അപകടത്തില്‍പ്പെട്ട് പരിക്കേറ്റത്.
ഇവിടെയുണ്ടായിരുന്ന ആളുകള്‍ ചേര്‍ന്ന് ഇയാളെ ആശുപത്രിയില്‍ എത്തിച്ചു പ്രാഥമിക ചികിത്സ നല്‍കിയിരുന്നു. എന്നാല്‍ രണ്ടു ചെവിയില്‍ നിന്നും രക്തം വന്നതിനാല്‍ വിദഗ്ധ ചികില്‍സയ്ക്കായി കട്ടപ്പനയിലേക്കു കൊണ്ടുപോവണമെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. ഇതിനായി കുമളി ഗ്രാമപഞ്ചായത്തിന്റേത് ഉള്‍പ്പെടെയുള്ള ആംബുലന്‍സുകള്‍ തിരഞ്ഞെങ്കിലും ലഭിച്ചില്ല. ഇതിനിടെ നാട്ടുകാര്‍ വനം വകുപ്പിന്റെ ആംബുലന്‍സ് ആവശ്യപ്പെട്ടെങ്കിലും വിട്ടുനല്‍കാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെന്നു പറയുന്നു. വണ്ടിക്കൂലിയും ഡ്രൈവറുടെ ബാറ്റയും ഉള്‍പ്പെടെയുള്ളവ നല്‍കാമെന്നു നാട്ടുകാര്‍ അറിയിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ ഇതിനു വഴങ്ങിയില്ല. അപകടത്തില്‍പ്പെടുന്ന വിനോദ സഞ്ചാരികളുടെ ആവശ്യത്തിലേക്കാണു പെരിയാര്‍ കടുവാ സങ്കേതത്തിനു ആംബുലന്‍സ് അനുവദിച്ചിരിക്കുന്നതെന്നും ഇത് മറ്റുള്ളവരുടെ ആവശ്യത്തിന് ഉപയോഗിക്കുന്നതു നിയമ വിരുദ്ധമാണെന്നുമായിരുന്നു ഉദ്യോഗസ്ഥരുടെ നിലപാട്.
വനം വകുപ്പിലെ തന്നെ ഒരു ജീവനക്കാരന്‍ അപകടത്തില്‍പ്പെട്ട് അത്യാസന്ന നിലയില്‍ കിടന്നിട്ടും ആംബുലന്‍സ് വിട്ടുനല്‍കാന്‍ തയ്യാറാവാതിരുന്ന വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിലപാടില്‍ ആളുകള്‍ക്കിടയില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. വിനോദ സഞ്ചാരികളുടെ ജീവനും അല്ലാത്തവരുടെ ജീവനും ഒരേ വിലയാണെന്നും അപകടത്തില്‍പ്പെട്ടയാളുടെ ജീവനു വില പറഞ്ഞ ഉദ്യോഗസ്ഥരുടെ പേരില്‍ നടപടി വേണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

RELATED STORIES

Share it
Top