ഫോറസ്റ്റ് ഓഫിസറും സംഘവും വീട്ടില്‍ അതിക്രമിച്ചുകയറി മര്‍ദിച്ചതായി പരാതി

തൃശൂര്‍: ഫോറസ്റ്റ് ഓഫീസറും സംഘവും അര്‍ധരാത്രി വീട്ടില്‍ അതിക്രമിച്ചു കയറി വൃദ്ധ മാതാവിനെയും ഭര്‍ത്താവിന്റെ സഹോദരനെയും മര്‍ദിച്ചതായി ആദിവാസി യുവതിയുടെ പരാതി.
ഇക്കഴിഞ്ഞ ഏഴിന് ഫോറസ്റ്റ് ഓഫീസര്‍ സീനയും വനം വകുപ്പിലെ മറ്റുദ്യോഗസ്ഥരും ചേര്‍ന്നാണ് അതിക്രമം നടത്തിയതെന്ന് പാണഞ്ചേരി പൂവന്‍ചിറ ആദിവാസി കോളനിയിലെ ഷൈബി ചന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഓഫീസറുടെ മാതാപിതാക്കള്‍ പ്രതികളായ കേസ് ഭര്‍ത്താവ് ചന്ദ്രന്റെ സഹോദരന്‍ രതീഷ് (ഉണ്ണി) ന്റെ പേരില്‍ ആരോപിച്ച ശേഷം അവനെ പിടിച്ചു കൊണ്ടുപോകുന്നതിനിടെയാണ് അതിക്രമം നടത്തിയത്. മാതാവിനെ തള്ളിയിടുകയും ചവിട്ടുകയും ചെയ്തു.
മര്‍ദനം സഹിക്കാനാകാതെ അയല്‍വാസിയുടെ വീട്ടിലേക്കു ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച രതീഷിനെ പൂര്‍ണ നഗ്നനാക്കി വീണ്ടും മര്‍ദിച്ചു. പ്രദേശത്തുകാര്‍ ഓടിക്കൂടുമ്പോഴേക്കും അവനെ വലിച്ചിഴച്ചു ജീപ്പില്‍ കയറ്റിക്കൊണ്ടുപോയി.
വനത്തിലെ മരത്തില്‍ നിന്ന് ചെത്തിയെടുത്ത തൊലി ചുമക്കാന്‍ ഓഫീസറുടെ മാതാപിതാക്കള്‍ കൂലിക്കു വിളിച്ചപ്പോള്‍ ചെല്ലാത്തതിനാണ് രതീഷിന്റെ പേര് പ്രതിപ്പട്ടികയില്‍ ചേര്‍ത്തതെന്ന് ഷൈബി പറഞ്ഞു.
കാര്യങ്ങള്‍ വിശദമാക്കി പീച്ചി പോലീസ് സ്റ്റേഷനിലെ എസ് ഐ. ഷാജഹാന് പരാതി നല്‍കിയെങ്കിലും അദ്ദേഹം അത് സ്വീകരിക്കുകയോ അക്കാര്യം എഴുതി ഒപ്പിട്ടു തരികയോ ചെയ്തില്ല. പിന്നീട് കമ്മീഷണര്‍ ഇടപെട്ടതോടെയാണ് നാലു മണിക്കൂറിനു ശേഷം എസ് ഐ പരാതി സ്വീകരിച്ചത്. 24 മണിക്കൂര്‍ കഴിഞ്ഞ് പോലീസ് വീട്ടിലെത്തി പരാതിക്കാരിയായ എന്നോട് ഒരു വാക്കു പോലും ചോദിക്കാതെ മാതാവിനോട് കാര്യം തിരക്കി പോവുകയായിരുന്നു.
അര്‍ധരാത്രി വീട്ടില്‍ കയറി അക്രമം നടത്തുകയും തനിക്കും കുടുംബത്തിനും ശാരീരിക മാനസിക പീഡകളും നാശനഷ്ടങ്ങളും വരുത്തുകയും ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ തയ്യാറാകണമെന്ന് ഷൈബി ആവശ്യപ്പെട്ടു.
ഊരുമൂപ്പന്‍ എം ആര്‍ സത്യന്‍, കെ കെ ഷൂജന്‍, ചന്ദ്രന്റെ മാതാവ് ലക്ഷ്മി, ധന്യ ബിനോയ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top