ഫോര്‍മാലിന്‍ ചേര്‍ത്ത 4000 കിലോ മല്‍സ്യം പിടികൂടി നശിപ്പിച്ചു

വടകര: ഫോര്‍മാലിന്‍ ചേര്‍ത്ത നാലായിരം കിലോ മല്‍സ്യം വടകരയില്‍ വാഹന പരിശോധനക്കിടെ പിടികൂടി. തമിഴ്‌നാട്ടില്‍ നിന്നും കൊണ്ടുവന്ന നാലായിരം കിലോ അയല ഇനത്തില്‍ പെട്ട മീനും, മത്തിയുമാണ് പുതുപ്പണം കോട്ടക്കടവില്‍ നിന്നും മോട്ടോര്‍ വാഹന വകുപ്പ് പിടികൂടിയത്. ഇന്നലെ പുലര്‍ച്ചയോടെ ബ്രേക്ക് ഡൗണ്‍ ആയ ലോറിയില്‍ നിന്ന് മണം വന്നപ്പോള്‍ നടത്തിയ പരിശോധനയിലാണ് ഫോര്‍മാലിന്‍ കലര്‍ത്തിയ മല്‍സ്യമാണെന്ന് മനസിലായത്. ഉദ്യോഗസ്ഥരുടെ കൈവശമുണ്ടായിരുന്ന ചെക്ക് ആന്റ് ഈറ്റ് എന്ന ഉപകരണം ഉപയോഗിച്ച് പരിശോധന നടത്തിയപ്പോള്‍ നിറവിത്യാസം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് വടകര നഗരസഭ ആരോഗ്യ വിഭാഗവും, കോഴിക്കോട്, കൊയിലാണ്ടി, വടകര എന്നിവിടങ്ങളില്‍ നിന്നെത്തിയ ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ നടത്തിയ വിശദമായ പരിശോധനയിലാണ് മല്‍സ്യത്തില്‍ വന്‍ തോതില്‍ ഫോര്‍മാലിന്‍ കലര്‍ത്തിയതെന്ന് ഉറപ്പാക്കിയത്.
തമിഴ്‌നാട്ടിലെ നാഗപട്ടണത്ത് നിന്ന് കണ്ണൂരിലേക്ക് കൊണ്ടുവന്ന മല്‍സ്യം ആരും വാങ്ങാതിരുന്നതിനാല്‍ തിരികെ കൊണ്ടുപോവുകയായിരുന്നു. ഇതിനിടയില്‍ ചോമ്പാല്‍ ഹാര്‍ബറിലും കയറി ഇവര്‍ മല്‍സ്യം വില്‍പന നടത്താന്‍ ശ്രമിച്ചെങ്കിലും ആരും തന്നെ വാങ്ങിയില്ല. തുടര്‍ന്ന് വെള്ളിയാഴ്ച പുലര്‍ച്ചയോടെ മടങ്ങുമ്പോഴാണ് കോട്ടക്കടവില്‍ വച്ച് വാഹനം ബ്രേക്ക് ഡൗണ്‍ ആയത്. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരായ എംവിഐമാരായ രാജേഷ്, അസീം എന്നിവരാണ് വാഹനം പരിശോധന നടത്തിയത്. 132 ബോക്‌സ് മല്‍സ്യമാണ് ലോറിയില്‍ ഉണ്ടായിരുന്നത്. ഒരു ബോക്‌സില്‍ 30 കിലോ മത്സ്യമാണുള്ളത്. ഇതില്‍ രണ്ട് ബോക്‌സ് മല്‍സ്യം വാഹനം ബ്രേക്ക് ഡൗണ്‍ ആയ സ്ഥലത്ത് വച്ച് ഇവര്‍ ചെറിയ പൈസയ്ക്ക് മറ്റൊരാള്‍ക്ക് വില്‍പന നടത്തിയാതായി ഉദ്യോഗസ്ഥരോട് പറഞ്ഞു. പരിശോധനയ്ക്ക് ശേഷം പിടിച്ചെടുത്ത മല്‍സ്യം വടകര നഗരസഭയ്ക്ക് കൈമാറുകയും, വാഹനം പിടികൂടിയ സ്ഥലത്തിന് സമീപത്തുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ മല്‍സ്യം കുഴിച്ചിടുകയും ചെയ്തു.
വാഹന ഉടമക്കെതിരെ ശക്തമായ നടപടി കൈകൊള്ളുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വടകര, കൊയിലാണ്ടി, തിരുവമ്പാടി, എലത്തൂര്‍ എന്നിവിടങ്ങളിലെ ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരായ ജിതിന്‍ രാജ്, ഫെബിന മുഹമ്മദ് അഷ്‌റഫ്, വിഷ്ണു എസ് ഷാജി, രഞ്ജിത്ത് പി ഗോപി, ഫിഷറീസ് ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഡോ.വിനില എന്നിവരടങ്ങുന്ന സംഘമാണ് മല്‍സ്യം പരിശോധന നടത്തിയത്. നഗരസഭ സെക്രട്ടറി കെയു ബിനി, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി ഗിരീഷന്‍ എന്നിവര്‍ ചേര്‍ന്ന് മല്‍സ്യം നശിപ്പിക്കുന്നതിനായി നേതൃത്വം നല്‍കി. നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സുഗതകുമാരി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിജി അജിത്ത്, ജെഎച്ച്‌ഐമാരായ ഷൈനി പ്രസാദ്, ദിലീപ്, ശ്രീമ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു. ലോറി പോലീസിന് കമാറിയിട്ടുണ്ട്.

RELATED STORIES

Share it
Top