ഫോര്‍മാലിന്‍ കലര്‍ന്ന 6,000 കിലോ ചെമ്മീന്‍ പിടികൂടി

തിരുവനന്തപുരം/പാലക്കാട്: സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഓപറേഷന്‍ സാഗര്‍ റാണിയുടെ മൂന്നാംഘട്ടത്തില്‍ മാരകമായ ഫോര്‍മാലിന്‍ കലര്‍ന്ന 6,000 കിലോഗ്രാം മല്‍സ്യം പിടിച്ചെടുത്തു. പാലക്കാട് വാളയാര്‍ ചെക്‌പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് ആന്ധ്രപ്രദേശില്‍ നിന്നെത്തിയ ചെമ്മീനില്‍ ഫോര്‍മാലിന്‍ മാരകമായ അളവില്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയത്. സംശയം തോന്നിയ 45 മല്‍സ്യലോറികളാണ് പരിശോധിച്ചത്. കഴിഞ്ഞയാഴ്ച പിടികൂടിയ 12,000 കിലോഗ്രാം മല്‍സ്യത്തില്‍ 6000 കിലോഗ്രാമില്‍ ഫോര്‍മാലിന്‍ അടങ്ങിയതായി കണ്ടെത്തിയിരുന്നു.
ജോയിന്റ് ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ (അഡ്മിനിസ്‌ട്രേഷന്‍) നേതൃത്വത്തില്‍ കോഴിക്കോട്ടെയും എറണാകുളത്തെയും ഭക്ഷ്യസുരക്ഷാ വിഭാഗം ഇന്റലിജന്‍സും പാലക്കാട് ജില്ലാ സ്‌ക്വാഡും സംയുക്തമായാണ് പരിശോധന നടത്തിയത്. മല്‍സ്യം കൊണ്ടുവന്ന വാഹനം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ട്രോളിങ് നിരോധനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേരളത്തിലെ എല്ലാ ചെക്‌പോസ്റ്റുകളിലും മല്‍സ്യവാഹനങ്ങള്‍ കര്‍ശന പരിശോധനയ്ക്കുശേഷം മാത്രമേ കടത്തിവിടാന്‍ പാടുള്ളൂവെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ചുമതലയുള്ള ആരോഗ്യ സാമൂഹികനീതി വകുപ്പു മന്ത്രി കെ കെ ശൈലജ ടീച്ചര്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. മല്‍സ്യലോറികള്‍ കൂടാതെ ഭക്ഷ്യഎണ്ണ കൊണ്ടുവന്ന അഞ്ചു ടാങ്കറുകളും പാല്‍ കൊണ്ടുവന്ന 34 വാഹനങ്ങളും പരിശോധിച്ചു. പ്രാഥമിക പരിശോധനകളില്‍ ഇവയില്‍ മായം കണ്ടെത്താന്‍ കഴിഞ്ഞില്ല. വിശദമായ പരിശോധനയ്ക്കായി ഭക്ഷ്യസുരക്ഷാ ലാബില്‍ അയച്ചിട്ടുണ്ട്. സംശയം തോന്നിയാല്‍ പരിശോധിക്കാനുള്ള താല്‍ക്കാലിക മൊബൈല്‍ ലാബ് സൗകര്യവും അവിടെ ഒരുക്കിയിരുന്നു.
ഏതെങ്കിലും ഉല്‍പന്നത്തില്‍ മായം കലര്‍ന്നതായി കണ്ടെത്തിയാല്‍ 24 മണിക്കൂറിനുള്ളില്‍ അത് നിരോധിക്കണമെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ എം ജി രാജമാണിക്യം എല്ലാ ജില്ലകളിലെയും അസി. ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. മല്‍സ്യത്തില്‍ രാസവസ്തുക്കള്‍ ചേര്‍ത്തിട്ടുണ്ടോയെന്ന് അറിയാന്‍ മാര്‍ക്കറ്റുകളിലേക്കും പരിശോധന വ്യാപിപ്പിക്കുമെന്ന് രാജമാണിക്യം പറഞ്ഞു.

RELATED STORIES

Share it
Top