ഫോര്‍മാലിന്‍: ഇരിങ്ങാലക്കുടയില്‍ ചെമ്മീന്‍ നശിപ്പിച്ചു

തൃശൂര്‍: ജില്ലയിലെ വിവിധ മാ ര്‍ക്കറ്റുകളില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന കര്‍ശനമാക്കി. മീനില്‍ ഫോര്‍മാലിന്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇരിഞ്ഞാലക്കുട മല്‍സ്യമാര്‍ക്കറ്റില്‍ വില്‍പന നടത്തിക്കൊണ്ടിരുന്ന ചെമ്മീന്‍ നശിപ്പിച്ചു. ഏകദേശം 10 കിലോഗ്രാം ചെമ്മീനാണ് സ്ട്രിപ്പ് ഉപയോഗിച്ച് പരിശോധന നടത്തി നശിപ്പിച്ചത്.
ജില്ലാ ഫുഡ് സേഫ്റ്റി സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്നലെ രാവിലെ അഞ്ചിനു തുടങ്ങിയ പരിശോധന ഉച്ചയ്ക്ക് രണ്ടു വരെ നീണ്ടു. ചാവക്കാട്, ബ്ലാങ്ങാട്, പാലപ്പെട്ടി, മുനയ്ക്കകടവ്, വാടാനപ്പിള്ളി, എടമുട്ടം, ഇരിങ്ങാലക്കുട, ചാലക്കുടി മല്‍സ്യമാര്‍ക്കറ്റുകളിലാണ് പരിശോധന നടന്നത്. മല്‍സ്യങ്ങളില്‍ ഉപയോഗിക്കുന്ന ഐസ് നിര്‍മിക്കുന്ന യൂനിറ്റുകളിലും പരിശോധന നടത്തി. വിവിധ ഐസ് ഫാക്ടറികളില്‍ നിന്ന് ഐസിന്റെ സാംപിള്‍ ശേഖരിച്ച് പരിശോധനയ്ക്കയച്ചു. ഐസ് ഫാക്ടറികളിലെ പരിശോധനകളില്‍ കണ്ടെത്തിയ ന്യൂനതകള്‍ക്ക് നോട്ടീസ് നല്‍കി.
ഭക്ഷ്യസുരക്ഷാ ലൈസന്‍സില്ലാതെ ഐസ് ഫാക്ടറികള്‍ പ്രവര്‍ത്തിക്കരുതെന്ന് നിര്‍ദേശം നല്‍കി. മാര്‍ക്കറ്റുകളിലെ ശുചിത്വം ഉറപ്പുവരുത്തുന്നതിന് ആവശ്യമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതരസംസ്ഥാനങ്ങളില്‍ നിന്നു വരുന്ന മീനിലാണ് പ്രധാനമായും രാസവസ്തുക്കള്‍ കണ്ടെത്തുന്നത്. ഫോ ര്‍മാലിന്റെയും അമോണിയയുടെയും സാന്നിധ്യമാണ് പരിശോധിക്കുന്നത്. എല്ലാ മീനുകളിലും ഫോര്‍മാലിന്‍ ഇല്ലെന്നും ജനങ്ങള്‍ പരിഭ്രാന്തരാവേണ്ട സാഹചര്യമില്ലെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണര്‍ ജി ജയശ്രീ, ഫുഡ് സേഫ്റ്റി ഓഫിസര്‍മാരായ പി യു ഉദയശങ്കര്‍, വി കെ പ്രദീപ്കുമാര്‍, അനിലന്‍ കെ കെ എന്നിവരാണ് പരിശോധനയ്ക്കു നേതൃത്വം നല്‍കിയത്. തുടര്‍ദിവസങ്ങളിലും പരിശോധനകള്‍ ഉണ്ടായിരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

RELATED STORIES

Share it
Top