ഫോര്‍ട്ട്‌കൊച്ചി കെഎസ്ഇബി ഓഫിസില്‍ അക്രമണം നടത്തിയതായി പരാതിമട്ടാഞ്ചേരി: പുലര്‍ച്ചെ വൈദ്യുതി വിതരണം തടസ്സപ്പെട്ടതില്‍ രോഷാകുലരായ ചിലര്‍ ഫോര്‍ട്ട്‌കൊച്ചി കെഎസ്ഇബി ഓഫിസിലെത്തി അക്രമം കാണിച്ചതായി പരാതി. ഓഫിസില്‍ എത്തിയ അഞ്ചംഗ സംഘത്തിലെ ഒരാള്‍ ഓഫിസിലെ കമ്പ്യൂട്ടറുകള്‍ തകര്‍ക്കുകയും ഫോണ്‍ നശിപ്പിക്കുകയും ചെയ്തു. ഇന്നലെ പുലര്‍ച്ചെ നാല് മണിയോടെയാണ് ഫോര്‍ട്ട്‌കൊച്ചി പുല്ല്പാലം ഫീഡര്‍ തകരാറിലായതിനെ തുടര്‍ന്ന് വൈദ്യുതി വിതരണം തടസ്സപ്പെട്ടത്. വൈദ്യുതി വിതരണം നിലച്ച് അര മണിക്കൂറിനകം ഒഫിസിലെത്തിയവര്‍ ബഹളം വെക്കുകയും ഇതില്‍ ഒരാള്‍ പെട്ടെന്ന് പ്രകോപിതനാകുകയും ഡ്യൂട്ടിയിലുണ്ടാരുന്ന ജീവനക്കാരനോട് തട്ടി കയറി കമ്പ്യൂട്ടറും ഫോണും നശിപ്പിക്കുകയും ചെയ്തതായാണ് പരാതി. ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്ന് ജീവനക്കാരില്‍ രണ്ട് പേര്‍ ഫീഡര്‍ നന്നാക്കുന്നതിനായി പുറത്ത് പോയിരിക്കുകയായിരുന്നു. ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഫോര്‍ട്ട്‌കൊച്ചി പോലിസ് സ്ഥലത്തെത്തി. സംഭവത്തില്‍ കണ്ടാലറിയാവുന്നര്‍ക്കെതിരേ പോലിസ് കേസെടുത്തിട്ടുണ്ട്. അക്രമത്തില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ പ്രതിഷേധ യോഗം ചേര്‍ന്നു. സംയുക്ത തൊഴിലാളി യൂനിയനുകളുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ സി പി സന്തോഷ് അധ്യക്ഷത വഹിച്ചു. യേശുദാസ്, എം ബഷീര്‍, മോഹന്‍ നായിക്ക് സംസാരിച്ചു.

RELATED STORIES

Share it
Top