ഫോര്‍ട്ടുകൊച്ചി വെളി മൈതാനം കൊച്ചിന്‍ കാര്‍ണിവലിന് വേണ്ടി മാത്രം തുറന്നുകൊടുത്തു

മട്ടാഞ്ചേരി: കായിക പ്രേമികളെ നിരാശരാക്കിക്കൊണ്ട് ഫോര്‍ട്ടുകൊച്ചിയിലെ വെളി മൈതാനം കൊച്ചിന്‍ കാര്‍ണിവല്‍ ആഘോഷത്തിനു വേണ്ടി മാത്രമായി മേയര്‍ തുറന്നു കൊടുത്തു. ജനുവരി അഞ്ചുവരെയുള്ള കാലാവധിയിലേക്കാണ് മൈതാനം വിട്ടുകൊടുത്തിരിക്കുന്നത്. ഫിഫ അണ്ടര്‍ 17 ലോകകപ്പിനു വേണ്ടി പരിശീലനമൈതാനമാക്കി നവീകരിച്ചതാണ് ഇപ്പോള്‍ കായിക പ്രേമികള്‍ക്ക് വിനയായി മാറിയിരിക്കുന്നത്. ഫുട്‌ബോള്‍, ഹോക്കി, സൈക്കിളിങ്, അത്‌ലറ്റിക്‌സ് എന്നിവയുടെ പരിശീലനത്തിനായി ഉപയോഗിച്ചുകൊണ്ടിരുന്ന മൈതാനമാണ് ഫിഫക്ക് വേണ്ടി പരിശീലന ഗ്രൗണ്ടാക്കി തിരഞ്ഞെടുത്ത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതോടെ പ്രദേശത്തെ നൂറു കണക്കിന് കായിക താരങ്ങളുടെ പരിശീലനത്തേയും അവരുടെ ഭാവിയേയും ബാധിച്ചു.ഫിഫ മല്‍സരം കഴിഞ്ഞ് ഒന്നര മാസം കഴിഞ്ഞിട്ടും ഇത് വരെ തുറക്കാന്‍ പോലും കഴിഞ്ഞില്ല. കൊച്ചി കൂട്ടായ്മയുടെ ഭാരവാഹികളായ പ്രസിഡന്റ് ടി എം റിഫാസ്, ഇ ജെ ഡാനി,  ദിലീപ് കുഞ്ഞൂട്ടി എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ പടക്കം പൊട്ടിച്ചും മധുരം വിളമ്പിയും ആഹ്ലാദം വെച്ചിരുന്നു. എന്നാല്‍ ഗേറ്റ് തുറന്ന് മേയര്‍ നടത്തിയ പ്രസ്താവന നാട്ടുകാരെ നിരാശരാക്കി. കാര്‍ണിവലിനു വേണ്ടിയാണ് താല്‍ക്കാലികമായി തുറന്നതെന്നും പ്രദേശത്തെ കായിക താരങ്ങളുടെ പരിശിലന സൗകര്യത്തെ കുറിച്ച് തീരുമാനം എടുത്തിട്ടില്ലെന്നുമായിരുന്നു മേയര്‍ അറിയിച്ചത്. പ്രതിപക്ഷ നേതാവ് കെ ജെ ആന്റണിയും സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരും ബിജെപി കൗണ്‍സിലര്‍ ശ്യാമള എസ് പ്രഭു, ഡിവിഷന്‍ കൗണ്‍സിലര്‍ ഷീബ ലാല്‍ എന്നിവരും മേയര്‍ക്കൊപ്പമുണ്ടായിരുന്നു. മേയറുടെ പ്രസ്താവന കായികപ്രേമികള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിനാണ് ഇട വരുത്തിയിരിക്കുന്നത്.

RELATED STORIES

Share it
Top