ഫോണില്‍ അശ്ലീലം പറഞ്ഞത് ചോദ്യം ചെയ്തു;വനിതാ അംഗത്തെ ജാതിവിളിച്ച് അധിക്ഷേപിച്ച് ബിജെപി നേതാവ്

പുന്നപ്ര: ഫോണില്‍ അശ്ലീലം പറഞ്ഞതിനെ ചോദ്യം ചെയ്ത വനിതാ പ്രവര്‍ത്തകയെ ബിജെപി നേതാവ് ജാതി വിളിച്ച് അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. പുന്നപ്ര തെക്ക് പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡ് ബിജെപി ബൂത്ത് പ്രസിഡന്റ് ആഞ്ഞിലിപ്പറമ്പില്‍ സുനില്‍ കുമാറിനെതിരെയാണ് ഇതേ വാര്‍ഡിലെ പഞ്ചായത്തംഗം ബിന്ദു ബിനു പരാതി നല്‍കിയത്.  ജില്ലാ പോലീസ് മേധാവിക്കാണ് ബിന്ദു പരാതി നല്‍കിയത്. ഇതിന് പിന്നാലെ സുനില്‍ കുമാര്‍ ഒളിവില്‍ പോയി.വാര്‍ഡില്‍ നടന്ന ഒരു റോഡുപണിയുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങളുടെ തുടക്കം. വ്യാഴാഴ്ച നടന്ന റോഡുപണി സുനില്‍കുമാറിന്റെ സുഹൃത്തുക്കള്‍ തടഞ്ഞിരുന്നു. ഇക്കാര്യം ബിന്ദു ബിജെപി നേതൃത്വത്തെ അറിയിച്ചു. എന്നാല്‍ നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് അനുകൂല നടപടിയുണ്ടായില്ല. നേതൃത്വത്തിന് പരാതി നല്‍കിയതറിഞ്ഞ സുനില്‍കുമാര്‍ തന്നെ ഫോണില്‍ വിളിച്ച് അശ്ലീലച്ചുവയോടെ സംസാരിക്കുകയും ജാതിവിളിച്ച് അധിക്ഷേപിക്കുകയുമായിരുന്നവെന്ന് ബിന്ദു പറഞ്ഞു. തന്റെ വാര്‍ഡില്‍ ഒരു വികസന പ്രവര്‍ത്തനവും നടപ്പിലാക്കാന്‍ അനുവദിക്കില്ല എന്നാണ് സുനിലിന്റെ നിലപാട്. ഇക്കാര്യങ്ങള്‍ മണ്ഡലത്തിലെ ബി.ജെ.പി നേതാവിനെ അറിയിച്ചപ്പോള്‍ 'തനിക്ക് അയാളുടെ വായ് മൂടിക്കെട്ടിവയ്ക്കാന്‍ പറ്റില്ലല്ലോ' എന്നാണ് പ്രതികരിച്ചത്. ഇതോടെയാണ് പരാതിയുമായി മുന്നോട്ട് പോയത്. ഇതിനുമുന്‍പും ഇയാളുടെ ഭാഗത്തുനിന്ന് ഇത്തരം പെരുമാറ്റമുണ്ടായിട്ടുണ്ടെന്നും അന്നും നേതൃത്വത്തിന് പരാതി നല്‍കിയിട്ടും നടപടിയുണ്ടായിട്ടില്ലെന്നും ബിന്ദു പറഞ്ഞു.

RELATED STORIES

Share it
Top