ഫൈനല്‍ ഉറപ്പിക്കാന്‍ റയല്‍ മാഡ്രിഡ്; പരിക്കിന്റെ പിടിയില്‍ ബയേണ്‍; ചാംപ്യന്‍സ് ലീഗില്‍ തീപ്പൊരി പോരാട്ടംറയല്‍ മാഡ്രിഡ് ഃബയേണ്‍ മ്യൂണിക്ക്  (രാത്രി 12.15, സോണി ടെന്‍ 2)

മാഡ്രിഡ്: 15ാം തവണയും ചാംപ്യന്‍സ് ലീഗിന്റെ ഫൈനലിലെത്താനുള്ള രണ്ടാം പാദ സെമി പോരാട്ടത്തില്‍ ഇന്ന് റയല്‍ ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്കിനെ നേരിടും. ബയേണിന്റെ തട്ടകത്തില്‍ അവരെ 2-1ന് പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തില്‍ റയലിന്റെ മടയായ സാന്റിയാഗോ ബെര്‍ണാബു സ്റ്റേഡിയത്തിലാണ് മല്‍സരമെന്നുള്ളത് ടീമിന് ഫൈനലിലേക്കുള്ള വഴി എളുപ്പമാക്കുന്നു. ക്വാര്‍ട്ടറില്‍ ഇരുപാദങ്ങളിലായി സെവിയ്യയെ 2-1ന് പരാജയപ്പെടുത്തിയ ബയേണും അത്ര ചില്ലറക്കാരല്ല. 12 തവണ ലീഗ് കിരീടം ചൂടിയ റയലിനെ തട്ടകത്തില്‍ വിറപ്പിച്ചാണ് ബയേണ്‍ മുട്ടുമടക്കിയത്. എങ്കിലും ആദ്യ പാദ മല്‍സരത്തിലെ ജയമടക്കം ബയേണിനെതിരേ അവസാനം കളിച്ച ആറ് മല്‍സരങ്ങളിലും വെന്നിക്കൊടി നാട്ടിയ സന്തോഷവും റയലിനുണ്ട്. എങ്കിലും പരിക്കാണ് ഇരുടീമും നേരിടുന്ന പ്രധാന വെല്ലുവിളി. ഉരുക്കുകോട്ടയിലെ കാവല്‍ക്കാരായ ഡാനിയല്‍ കര്‍വാചലും മിഡ്ഫീല്‍ഡര്‍ ഇസ്‌കോയും പരിക്കുമൂലം ഇറങ്ങില്ലെന്നത് റയലിന്റെ ഫൈനല്‍ പ്രതീക്ഷകള്‍ക്ക് വിള്ളല്‍ വീഴ്ത്തുന്നു. എന്നാല്‍ കരുത്തുറ്റ ജര്‍മന്‍ പ്രതിരോധതാരം ജെറോം ബോട്ടിങും മധ്യനിരയിലെ തോരോട്ടക്കാരായ കിങ്സ്ലി കൊമാനും ആര്യന്‍ റോബനും അര്‍ട്ടൂറോ വിദാലുമില്ലാതെയാണ് മറുവശത്ത് ബയേണും ബൂട്ട് കെട്ടുന്നത്. ബയേണിന്റെ വിശ്വസ്തനായ ഗോളി മാനുവല്‍ ന്യൂയര്‍ കളിക്കുന്ന കാര്യവും സംശയത്തിലാണ്.

RELATED STORIES

Share it
Top