ഫേസ് ബുക്ക് കൂട്ടായ്മയില്‍ നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനം നാളെ

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി ജങ്ഷന്‍ എന്ന ഫേസ്ബുക്ക് കൂട്ടായ്മയില്‍  എട്ടു ലക്ഷം രൂപ ചെലവഴിച്ചു നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനം നാളെ രാവിലെ 11നു സുരേഷ്‌ഗോപി എംപി നിര്‍വഹിക്കും. ഇത്തിത്താനം പൊന്‍പുഴ മാമാലശ്ശേരില്‍  വിജി ജേക്കബിനാണ് വീടു നല്‍കുന്നത്. ജന്മനാ വികലാംഗ—നായ  വിജിയും രണ്ടു പെണ്‍കുട്ടികളും  അടങ്ങിയ കുടുംബത്തിനു സ്വന്തമായ വരുമാന മാര്‍ഗം ഒന്നുമില്ല. എന്നാല്‍ ഇതിനു പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ചങ്ങനാശ്ശേരി ജങ്ഷന്‍ എന്ന ഫെയിസ്ബുക്കു കൂട്ടായ്മ രംഗത്തിറങ്ങിയതും  വര്‍ഷംതോറും നടത്തിവരാറുള്ള കുടുംബസംഗമം ഇത്തവണ വേണ്ടെന്നുവച്ചു വീടു നിര്‍മിച്ചു നല്‍കാന്‍ തീരുമാനിച്ചതും.  തുടര്‍ന്നു കൂട്ടായ്മയില്‍ ഉള്‍പ്പെട്ടതും അല്ലാത്തവരുമായ നിരവധി പേരുടെ അകമഴിഞ്ഞ സഹായവും വീടു നിര്‍മാണത്തിനു ലഭിച്ചു. വീടിനാവശ്യമായ കട്ടില്‍,പാത്രങ്ങള്‍,ക്ലോക്ക് ഉള്‍പ്പെടെയുള്ള എല്ലാ സാധനങ്ങളും ഓരോ വ്യക്തികളും സ്‌പോണ്‍സര്‍ ചെയ്യുകയായിരുന്നു.
നാളെ രാവിലെ നടക്കുന്ന ചടങ്ങില്‍ കുറിച്ചി ഗ്രാമപ്പഞ്ചായത്തു പ്രസിഡന്റ് ആര്‍ രാജഗോപാല്‍, വാര്‍ഡ് അംഗം, വി ആര്‍ മഞ്ചേഷ്, സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം എന്‍ മുരളീധരന്‍ നായര്‍ എന്നിവര്‍ സംബന്ധിക്കും.  2011ല്‍ സി ജെ എന്ന പേരില്‍  ആരംഭിച്ച  ചങ്ങനാശ്ശേരി ജങ്ഷന്‍ എന്ന ഫേസ്ബുക്കു കൂട്ടായ്മയില്‍ നിലവില്‍ 40000ല്‍ അധികം അംഗങ്ങളാണുള്ളത്. ഈ കൂട്ടായ്മ ഒട്ടേറെ   പ്രവര്‍ത്തനങ്ങളും   നടത്തിവരുന്നതായി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ചീഫ് അഡ്മിന്‍ വിനോദ് പണിക്കര്‍, അഡ്മിന്മാരായ ജിനോ ജോര്‍ജ്,ഡോ. ബിജു ജി നായര്‍, നവാസ് പി എ, മഞ്ജീഷ് എന്നിവര്‍ അറിയിച്ചു

RELATED STORIES

Share it
Top