ഫേസ്ബുക്ക് പോസ്റ്റിലൂടെ ദുരനുഭവം പങ്കുവച്ച് അനുചന്ദ്ര

തൃശൂര്‍: മീ ടൂ കാംപയിനില്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ തന്റെ ദുരനുഭവം പങ്കുവച്ച് മലയാളത്തിലെ ആദ്യ വനിതാ അസിസ്റ്റന്റ് ഡയറക്ടര്‍ അനുചന്ദ്ര. 20ാം വയസ്സില്‍ സിനിമാ മേഖലയിലേക്ക് ആദ്യമായി കടന്നുചെന്നപ്പോള്‍ തനിക്കുണ്ടായ ദുരനുഭവമാണ് അവര്‍ മീ ടൂ കാംപയിനിങിന്റെ ഭാഗമായി ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയത്. സ്ത്രീസാന്നിധ്യം നന്നേ കുറഞ്ഞ മേഖലയാണു സിനിമയെന്നും 'പോക്ക് കേസ്' എന്ന ഗണത്തിലാണ് ഇവിടെ സ്ത്രീകള്‍ പലപ്പോഴും നിര്‍വചിക്കപ്പെടുന്നതെന്നും പോസ്റ്റില്‍ പറയുന്നു.
ഒരു വര്‍ക്കിന് ചെന്ന സമയത്ത് ചിത്രത്തിലെ അസോഷ്യേറ്റ് ഇന്നു രാത്രി ഇവിടെ കൂടെ കിടക്കൂവെന്ന് തന്നോടു പറഞ്ഞതായും അവര്‍ വെളിപ്പെടുത്തുന്നു. അമര്‍ഷത്തോടെ മുറിയുടെ വാതില്‍ വലിച്ചടച്ച് ഇറങ്ങിപ്പോയ ശേഷം രണ്ടു വര്‍ഷത്തോളം അയാളുടെ ചോദ്യത്തിന്റെ അസ്വസ്ഥത തികട്ടിവരികയും മറ്റൊരു വര്‍ക്കിലേക്ക് പോവാന്‍ ധൈര്യമില്ലാതിരിക്കുകയും ചെയ്തു. പിന്നീട് ആര്‍ജവത്തോടെ വീണ്ടും അസിസ്റ്റന്റാവുകയും തൊഴില്‍ ആസ്വദിച്ചു തന്നെ ചെയ്യുകയും ചെയ്തു.
ഏതെങ്കിലും ഒരുത്തന്‍ ശരീരത്തില്‍ നോട്ടത്തിന്റെ ആണ്‍കൂത്തുമായി വന്നാല്‍ തെറി വിളിക്കാനുള്ള തന്റേടം, അതുകേട്ടാല്‍ തല കുനിക്കാവുന്ന അത്രയോക്കെയെ ഉള്ളൂ ഇവന്മാരുടെ കാമവെറി എന്ന ആര്‍ജവമായിരുന്നു അതിനു പിന്നിലെന്നും അനുചന്ദ്ര പോസ്റ്റില്‍ പറയുന്നു. ഇനിയിപ്പം അതിന്റെ പേരില്‍ സിനിമ പോവുകയാണെങ്കില്‍ അങ്ങു പോട്ടേന്നു വയ്ക്കുമെന്നുള്ള ഉറച്ച വാക്കുകളും പോസ്റ്റിലുണ്ട്.
മീ ടൂ കാംപയിനില്‍ കേരളത്തില്‍ ഏറെ ചര്‍ച്ചയാവാന്‍ സാധ്യതയുള്ളൊരു വെളിപ്പെടുത്തലാണ് അനുചന്ദ്ര ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.

RELATED STORIES

Share it
Top