ഫേസ്ബുക്ക് ചോര്‍ത്തല്‍: സര്‍ക്കാര്‍ വിശദീകരണം തേടി

ന്യൂഡല്‍ഹി: ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയ കാംബ്രിഡ്ജ് അനലിറ്റിക്കയില്‍ നിന്നു കേന്ദ്രസര്‍ക്കാര്‍ വിശദീകരണം തേടി. ഇന്ത്യക്കാരുടെ വിവരങ്ങള്‍ ഉപയോഗിച്ച് തിരഞ്ഞെടുപ്പുകളെ സ്വാധീനിച്ചോ എന്നതടക്കമുള്ള കാര്യങ്ങള്‍ വിശദീകരിക്കാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്ര വിവര സാങ്കേതിക മന്ത്രാലയം കാംബ്രിഡ്ജ് അനലിറ്റിക്കയ്ക്ക് അയച്ച നോട്ടീസില്‍ ആറു ചോദ്യങ്ങളാണ് ഉന്നയിച്ചത്.
എങ്ങനെയാണ് ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നത്? വിവരങ്ങള്‍ എന്തിനാണ് ഉപയോഗിക്കുന്നത്? ഇത്തരം വിവരങ്ങള്‍ ഉപയോഗിച്ച് ഏതെങ്കിലും വിധത്തിലുള്ള രൂപരേഖകളോ വിശദാംശങ്ങളോ തയ്യാറാക്കിയിട്ടുണ്ടോ? വിവരം ശേഖരിക്കുന്നതിന് അനുവാദം വാങ്ങിയിരുന്നോ? വിവരം ചോര്‍ത്താനായി ചുമതലപ്പെടുത്തിയത് ആരാണ്? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ട—ത്. ഇവയ്ക്ക് ഈ മാസം 31നു മുമ്പായി മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിന് വേണ്ടി പ്രത്യേക ആപ്പ് ഉപയോഗിച്ച് ഫേസ്ബുക്കിലെ അഞ്ചു കോടി അംഗങ്ങളുടെ വിവരങ്ങള്‍ കാംബ്രിഡ്ജ് അനലിറ്റിക്ക നിയമവിരുദ്ധമായി ശേഖരിച്ചുവെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ സ്ഥാപനം ഇന്ത്യയിലെ തിരഞ്ഞെടുപ്പില്‍ ഇടപെട്ടെന്ന് കോണ്‍ഗ്രസ്സും ബിജെപിയും പരസ്പരം ആരോപണം ഉന്നയിച്ചിരുന്നു.
ഇതേത്തുടര്‍ന്നാണ്, പ്രാഥമിക നടപടിയെന്നോണം കേന്ദ്ര വിവരസാങ്കേതിക മന്ത്രാലയം കാംബ്രിഡ്ജ് അനലിറ്റിക്കയില്‍ നിന്നു വിശദീകരണം തേടി നോട്ടീസയച്ചത്. വാര്‍ത്താക്കുറിപ്പ് ഇറക്കിയാണ് നോട്ടീസ് നല്‍കിയ കാര്യം സര്‍ക്കാര്‍ അറിയിച്ചത്.

RELATED STORIES

Share it
Top