ഫേസ്ബുക്കില്‍ എസ്എഫ്‌ഐ നേതാവിനെതിരേ ആരോപണമുന്നയിച്ച ആള്‍ക്കെതിരേ കേസ്

പത്തനംതിട്ട: എസ്എഫ്‌ഐ നേതാവിനെതിരേ ലൈംഗികാരോപണവുമായി ഫേസ്ബുക്ക് ലൈവില്‍ വന്ന യുവാവിന്റെ പേരില്‍ കേസെടുത്തു. പത്തനംതിട്ട അഞ്ചക്കാല സ്വദേശി ഷിജോയ്‌ക്കെതിരേ എസ്എഫ്‌ഐ ജില്ലാ കമ്മിറ്റിയംഗം ഉണ്ണി രവിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നു പത്തനംതിട്ട സിഐ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് ജില്ലാ എസ്എഫ്‌ഐ നേതാവിനെതിരേ ആരോപണവുമായി ഷിജോ രംഗത്തുവന്നത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും തെളിവുകള്‍ കൈവശമുണ്ടെന്നും ഇയാള്‍ ആരോപിച്ചിരുന്നു. എസ്എഫ്‌ഐ നേതാവിനെതിരേ പീഡനത്തിന് കേസെടുത്തെന്ന് ഇന്നലെ സ്വകാര്യ ചാനല്‍ വാര്‍ത്ത നല്‍കിയതോടെ സംഭവം വിവാദമായി. എന്നാല്‍, പോലിസ് ഇക്കാര്യം നിഷേധിച്ചു. ഷിജോയുടെ ആരോപണത്തിന് അടിസ്ഥാനമില്ലെന്നു പത്തനംതിട്ട സിഐ അറിയിച്ചു.
ആരോപണങ്ങളെ നിയമപരമായി നേരിടുമെന്ന് വ്യക്തമാക്കിയ ഉണ്ണി രവി ഷിജോക്കെതിരേ പരാതി നല്‍കി. ആരോപണം ഉന്നയിച്ചതിന്റെ പേരില്‍ തനിക്ക് നിരവധി ഭീഷണികള്‍ വരുന്നതായും പലരും ഒത്തുതീര്‍പ്പിന് ശ്രമിച്ചതായും ഷിജോയും വ്യക്തമാക്കി. അതേസമയം, നേതാവിനെതിരായ ലൈംഗികാരോപണത്തില്‍ അന്വേഷണം വേണമെന്ന് പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ ആവശ്യമുയര്‍ന്നിട്ടുണ്ട്.
അടുത്തിടെ ഉണ്ണി രവിക്കു നേരെ ആക്രമണം നടന്നതായി ആരോപണം ഉയര്‍ന്നിരുന്നു. സംഭവത്തില്‍ ദുരൂഹത നിലനി ല്‍ക്കെ, രണ്ടാഴ്ച കഴിഞ്ഞിട്ടും പ്രതികളാരെന്ന സൂചന പോലും പോലിസിന് ലഭിച്ചിട്ടില്ല. പോലിസ് പരിശോധന ഊര്‍ജിതമാക്കിയെങ്കിലും തെളിവുകളുടെ അഭാവം അന്വേഷണത്തെ ബാധിച്ചിട്ടുണ്ട്. കൈക്ക് പരിക്കേറ്റ നിലയില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികില്‍സ തേടിയ ഉണ്ണി രവിയുടെ മൊഴിയിലും വ്യക്തതയില്ല. ബൈക്കില്‍ യാത്രചെയ്യവെ രണ്ടുപേര്‍ ആക്രമിച്ചെന്നും ആരാണെന്ന് വ്യക്തമല്ലെന്നുമാണ് ഇയാളുടെ ഇപ്പോഴത്തെ നിലപാട്. ആദ്യം ആര്‍എസ്എസ്-എബിവിപി പ്രവര്‍ത്തകര്‍ക്കെതിരേയും പിന്നീട് എസ്ഡിപിഐക്കെതിരേയും ഇയാള്‍ ആരോപണം ഉന്നയിച്ചിരുന്നു. അതേസമയം, സംഭവം കെട്ടിച്ചമച്ചതാണെന്ന ആരോപണം ഉയര്‍ന്നതോടെ പോലിസ് ആ നിലയിലും അന്വേഷണം നടത്തുന്നുണ്ട്.
മലയാലപ്പുഴ സ്വദേശിയായ എബിവിപി പ്രവര്‍ത്തകന്‍ ആദര്‍ശിനെ പത്തനംതിട്ട ബസ്സ്റ്റാന്റില്‍ വച്ചു മര്‍ദിച്ച സംഭവത്തില്‍ ഉണ്ണി രവിക്ക് പങ്കുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. സോഷ്യല്‍ മീഡിയകളില്‍ ഉണ്ണി രവിക്കെതിരേ എബിവിപിക്കാര്‍ ഭീഷണിയും ഉയര്‍ത്തിയിരുന്നു. താഴെവെട്ടിപ്രം റിങ്‌റോഡില്‍ ഇടതുഭാഗത്തു കൂടെ ബൈക്കില്‍ മറികടന്നു പിന്നില്‍ നിന്നെത്തിയ സംഘം വടിവാളുകൊണ്ട് ഉണ്ണി രവിയെ വെട്ടിയെന്നാണ് ആരോപണം. തുടര്‍ന്ന്, വര്‍ഗീയ ചുവയുള്ള മുദ്രാവാക്യം വിളിച്ച് നഗരത്തില്‍ പ്രകടനം നടത്തിയ ഡിവൈഎഫ്‌ഐ-എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ എസ്ഡിപിഐ കൊടിമരങ്ങള്‍ നശിപ്പിച്ച് സംഘര്‍ഷത്തിനു ശ്രമിച്ചിരുന്നു.

RELATED STORIES

Share it
Top