ഫേസ്ബുക്കിലൂടെ തെറ്റിദ്ധാരണ പരത്തിയ യുവതിക്കെതിരേ കേസെടുത്തു

മുണ്ടക്കയം: മുക്കൂട്ടുതറയില്‍ വിദ്യാര്‍ഥിനി ജോസ്‌നാ മരിയയെ കാണാതായ സംഭവത്തില്‍ സമൂഹ മാധ്യമങ്ങളില്‍ കൂടി തെറ്റിദ്ധാരണ പരത്തിയ യുവതിക്കെതിരേ മുണ്ടക്കയം പോലിസ് കേസെടുത്തു.
യുവതി ഫേസ്ബുക്ക് വഴി അപകീര്‍ത്തിപ്പെടുത്തിയവര്‍ നല്‍കിയ പരാതിയിലാണ് വേലനിലം കുന്നേല്‍ ബിന്ദുവിനെതിരേ കേസെടുത്തത്. മുക്കൂട്ടുതറയില്‍ നിന്ന് കാണാതായ ജോസ്‌നാ മരിയാ എന്ന യുവതി പനയ്ക്കച്ചിറയിലുള്ള യൂവാവിന്റെയും യുവതിയുടെയും മലപ്പുറത്തുള്ള സങ്കേതത്തില്‍ ഉണ്ടെന്നും ഇവരെ ചോദ്യം ചെയ്താല്‍ വിവരങ്ങള്‍ കിട്ടുമെന്നുമായിരുന്നു ബിന്ദു വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പ്രചരിപ്പിച്ചത്.
ഇതിനെ തുടര്‍ന്ന് ആരോപണ വിധായരായവര്‍ മുണ്ടക്കയം പോലിസില്‍ പരാതി നല്‍കിയിരുന്നു. ഫേസ്ബുക്കില്‍ കൂടി നടന്ന പ്രചാരണം പോലിസിനെയും വട്ടം കറക്കിയിരുന്നു. ആരോപണ വിധേയനായ യുവാവിനെ ഇതിനെ തുടര്‍ന്ന് മുണ്ടക്കയം പോലിസ് ചോദ്യം ചെയ്തിരുന്നു. പോസ്റ്റിട്ട ഈരാറ്റുപേട്ടയില്‍ താമസിക്കുന്ന വേലനിലം കാരിയായ ബിന്ദുവിനെ വെച്ചൂച്ചിറ പോലിസും ചോദ്യം ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണത്തില്‍ സംഭവം വ്യാജമാണെന്നു കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഫേസ്ബുക്ക് വഴി പ്രചാരണം നടത്തിയ ബിന്ദുവിനെ ആരോപണ വിധേയരായവര്‍ മുണ്ടക്കയം ടൗണില്‍ വച്ച് കൈകാര്യം ചെയ്തു.
പിന്നീട് ബിന്ദുവിനെ പോലിസ് കസ്റ്റഡിയിലെടുത്ത്് മൊഴി രേഖപ്പെടുത്തിയ ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. മൊഴി മജിസ്‌ട്രേറ്റിനു നല്‍കിയിട്ടുണ്ടെന്നും അനുവാദം കിട്ടിയാലുടന്‍ ഇതര കേസകളെടുക്കുമെന്നും മുണ്ടക്കയം എസ്‌ഐ പറഞ്ഞു. പനയ്ക്കച്ചിറയിലുള്ള ആരോപണ വിധേയരായവരെ കൂടാതെ മറ്റു ചിലരും യുവതിക്കെതിരേ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. അതേസമയം സാധാരണക്കാരിയായ വീട്ടമ്മയായ യുവതി വ്യാജ ഫേസ്ബുക്ക് ഉണ്ടാക്കി അസത്യ പ്രചാരണം നടത്തിയതിനു പിന്നില്‍ ദുരൂഹതയുണ്ടെന്നും കൂടുതല്‍ അന്വേഷണം വേണമെന്നും വിവിധ കോണുകളില്‍ നിന്ന് ആക്ഷേപമുയരുന്നുണ്ട്.

RELATED STORIES

Share it
Top