ഫേസ്ബുക്കിന്റെ മുഖം തിരിച്ചറിയല്‍ സാങ്കേതിക വിദ്യയും നിയമക്കുരുക്കിലേക്ക്

സാന്‍ഫ്രാന്‍സിസ്‌കോ: ഡാറ്റാ വിവാദത്തിനു പിന്നാലെ ഫേസ്ബുക്ക് സ്വകാര്യതാനയം ലംഘിച്ചെന്ന പുതിയ വിവാദത്തില്‍. ഫേസ്ബുക്കിന്റെ മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യക്കെതിരേ കാലഫോര്‍ണിയയിലെ ഫെഡറല്‍ കോടതി ജഡ്ജി നിയമനടപടിക്ക് ഉത്തരവിട്ടു. ഉപയോക്താക്കളുടെ അനുവാദമില്ലാതെ അവരുടെ ബയോമെട്രിക് വിവരങ്ങള്‍ കമ്പനി ശേഖരിച്ചെന്നാണ് കേസ്.  നടപടി ആവശ്യപ്പെട്ട് ഇന്ത്യക്കാരനായ നിമേഷ് പട്ടേല്‍ ഉള്‍പ്പെടെ ഒരുകൂട്ടം ഉപയോക്താക്കളാണു കോടതിയെ സമീപിച്ചത്.2010ലാണ് വിവാദ വിഷയമായ ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ ടൂള്‍ ഫേസ്ബുക്കില്‍ ആരംഭിക്കുന്നത്. ഉപയോക്താവ് അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോ ആരുടേതാണെങ്കിലും അയാളുടെ പേരും ചിത്രത്തിനു സമീപം കാണിക്കാന്‍ സഹായിക്കുന്നതായിരുന്നു ടൂള്‍. എന്നാല്‍, ബയോമെട്രിക്’ വിവരങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഇല്ലിനോയില്‍ നിലവിലുള്ള പ്രാദേശിക നിയമത്തെ ലംഘിക്കുന്നതാണ് ഇതെന്നാണു ഹരജിക്കാരുടെ വാദം. പരാതിയില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നും ഫെഡറല്‍ കോടതി ജഡ്ജി ജയിംസ് ഡൊണാറ്റോ നിരീക്ഷിച്ചു. വിഷയം ശ്രദ്ധയില്‍പ്പെട്ടെന്നും ഫലപ്രദമായി നേരിടാനാവുമെന്നാണു പ്രതീക്ഷയെന്നും ഫേസ്ബുക്ക് പ്രതികരിച്ചു.

RELATED STORIES

Share it
Top