ഫെഡറേഷന്‍ കപ്പ് : മോഹന്‍ ബഗാന്‍ 4- ശിവജിയന്‍സ് 0കൊല്‍ക്കത്ത: ഐ ലീഗ് ആവേശം അവസാനിക്കും മുമ്പ് ആരംഭിച്ച ഫെഡറേഷന്‍ കപ്പില്‍ നിലവിലെ ചാംപ്യന്‍മാര്‍ക്ക് കിടിലന്‍ ജയം. എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് ചാംപ്യന്മാരായ മോഹന്‍ ബഗാന്‍ ഡിഎസ്‌കെ ശിവജിയന്‍സിനെതിരേ ജയം നേടിയത്. ബല്‍വന്ദ് സിങിന്റെ ഇരട്ടഗോളിലായിരുന്നു ബഗാന്റെ മുന്നേറ്റം. ജയത്തോടെ ബി ഗ്രൂപ്പില്‍ ബഗാന്‍ ഒന്നാംസ്ഥാനം സ്വന്തമാക്കി. ആദ്യ മിനിറ്റ് മുതല്‍ ആക്രമിച്ചു കളിച്ച ബഗാന്‍ 12ാം മിനിറ്റില്‍ കിടിലന്‍ അവസരം നഷ്ടപ്പെടുത്തിയെങ്കിലും 24ാം മിനിറ്റില്‍ ബല്‍വന്ദ് സിങ് ആ നഷ്ടം നികത്തി. ലീഡ് നേടിയ ബഗാനെതിരേ ശിവജിയന്‍സ് തിരിച്ചടിക്കാന്‍ ശ്രമിച്ചു. എന്നാല്‍, വംഗനാടിന്റെ പാരമ്പര്യത്തനിമയുള്ള പ്രതിരോധത്തെ താണ്ടാന്‍ അവര്‍ക്ക് സാധിച്ചില്ല. 65ാം മിനിറ്റില്‍ ഡാരില്‍ ഡുഫിയിലൂടെ ബഗാന്‍ ഗോള്‍ നേടിയതോടെ ശിവജിയന്‍സ് തകര്‍ച്ച കണ്ടുതുടങ്ങി. ആറു മിനിറ്റ് കൂടിചേരും മുമ്പ് തന്റെ രണ്ടാംഗോളിലൂടെ ബല്‍വന്ദ് സിങ് വീണ്ടും ശിവജിയന്‍സിന്റെ കല്ലറയിലേക്ക് ആണിയടിച്ചു. മല്‍സരം ഇഞ്ച്വറി ടൈമിലേക്ക് കടന്നപ്പോള്‍, മിസോറാം സ്്‌ട്രൈക്കര്‍ ജെജെ ലാല്‍പെഖുലുവും ഗോള്‍പട്ടികയില്‍ സംഭാവന അര്‍പ്പിച്ചു. ആദ്യമല്‍സരത്തില്‍ തോറ്റ ശിവജിയന്‍സ് ഗ്രൂപ്പിലെ അവസാനസ്ഥാനക്കാരാണ്. ബി ഗ്രൂപ്പില്‍ രണ്ടാംസ്ഥാനക്കാരായ ബംഗളൂരു സെല്‍ഫ് ഗോളിന്റെ അനുഗ്രഹത്തില്‍ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് ലജോങിനെ പരാജയപ്പെടുത്തിയത്. 35ാം മിനിറ്റില്‍ തമാങും 46ാം മിനിറ്റില്‍ ലിങ്‌ദോയും ബംഗളൂരുവിന് ഗോള്‍ സമ്മാനിച്ചപ്പോള്‍ 72ാം മിനിറ്റിലാണ് ലജോങ് തിരിച്ചടിച്ചത്. കിനോവാക്കിയുടെ കണ്ടെത്തലായിരുന്നു ആദ്യ ഗോള്‍. രണ്ട് മിനിറ്റ് കൂടിച്ചേരും മുമ്പ് ലജോങ് താരം കോങ്ജീയിലൂടെ അബദ്ധത്തില്‍ സെല്‍ഫ് ഗോള്‍ വീണതോടെ ബംഗളൂരു ലീഡ് രണ്ടായി. 85ാം മിനിറ്റില്‍  പെനല്‍റ്റി വലയിലെത്തിച്ച ലാല്‍മുവാന്‍പിയ ലജോങിന് നാണംകെട്ട തോല്‍വി ഒഴിവാക്കി.

RELATED STORIES

Share it
Top