ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സ്: രണ്ടാം ദിനം കേരളത്തിന് നാല് സ്വര്‍ണംപാട്യാല: 22ാമത് ഫെഡറേഷന്‍ കപ്പ് സീനിയര്‍ അത്‌ലറ്റിക് മീറ്റിന്റെ രണ്ടാം ദിനം നാല് സ്വര്‍ണം അക്കൗണ്ടിലാക്കി കേരളം. ആണ്‍കുട്ടികളുടെ ലോങ് ജംപിലും ആണ്‍കുട്ടികളുടെ 400 മീറ്ററിലും പെണ്‍കുട്ടികളുടെ ലോങ്ജംപിലും ആണ്‍കുട്ടികളുടെ 800 മീറ്ററിലുമാണ് കേരള താരങ്ങള്‍ സ്വര്‍ണമണിഞ്ഞത്.ആണ്‍കുട്ടികളുടെ ലോങ്ജംപില്‍ കേരളത്തിന് വേണ്ടി എം ശ്രീശങ്കറാണ് സ്വര്‍ണം ചാടിയെടുത്തത്. 7.99 മീറ്ററാണ് ശ്രീശങ്കര്‍ താണ്ടിയത്. ഇതേ ഇനത്തില്‍ തമിഴ്‌നാടിന്റെ വെയ്ന്‍ പെപ്പിന്‍ (7.66 മീറ്റര്‍) വെള്ളിയും കര്‍ണാടകയുടെ എസ് ഇ സംഷീര്‍ വെങ്കലവും നേടി.ആണ്‍കുട്ടികളുടെ 400 മീറ്ററില്‍ സ്വര്‍ണവും വെങ്കലവും കേരളം ഓടിയെടുത്തു. 46.13 സെക്കന്റ് സമയം കുറിച്ച് മുഹമ്മദ് അനസ് സ്വര്‍ണം കഴുത്തിലണിഞ്ഞപ്പോള്‍ കുഞ്ഞ് മുഹമ്മദ് 46.85 സമയത്തില്‍ മല്‍സരം പൂര്‍ത്തിയാക്കി വെങ്കലവും നേടിയെടുത്തു. അതേ സമയം വനിതകളുടെ 400 മീറ്ററില്‍ കേരളത്തിന് ഒരു മെഡല്‍പോലും നേടാനായില്ല.പെണ്‍കുട്ടികളുടെ ലോങ്ജംപില്‍ കേരളത്തിന്റെ പെണ്‍കരുത്തിന് മുന്നില്‍ സ്വര്‍ണവും വെള്ളിയും വെങ്കലവും ഒപ്പം നിന്നു. 6.51 മീറ്റര്‍ ദൂരം ചാടിക്കടന്ന നയന ജെയിംസ് സ്വര്‍ണത്തില്‍ ചുംബിച്ചപ്പോള്‍ 6.28 മീറ്റര്‍ കുറിച്ച് നീന പിന്റോ വെള്ളിയും 6.07 മീറ്റര്‍ ചാടി റിന്റു മാത്യു വെങ്കലവും കേരളത്തിന് സമ്മാനിച്ചു. ആണ്‍കുട്ടികളുടെ ഷോട്ട്പുട്ടിലും കേരളം മെഡല്‍ നേടി തിളങ്ങി. 17.46 മീറ്റര്‍ ഷോട്ട്പുട്ട് പറത്തി വി പി ആല്‍ഫിന്‍ വെങ്കല മെഡലാണ് അക്കൗണ്ടിലാക്കിയത്. ഈ ഇനത്തില്‍ 20.24 മീറ്റര്‍  കീഴടക്കിയ പഞ്ചാബിന്റെ സജീന്ദര്‍ പാല്‍ സിങ് സ്വര്‍ണമണിഞ്ഞപ്പോള്‍ 19.57 മീറ്റര്‍ ദൂരം എറിഞ്ഞ ഹരിയാനയുടെ നവീന്‍ ചിക്കറെ വെള്ളിയും സ്വന്തമാക്കി. പുരുഷന്‍മാരുടെ 800 മീറ്ററിലും കേരളതാരങ്ങള്‍ കൈയടി നേടി. 1.46.32 സെക്കന്റ് സമയം കുറിച്ച ജിന്‍സണ്‍ ജോണ്‍സണ്‍ സ്വര്‍ണത്തിലേക്ക് ഓടിയെത്തിയപ്പോള്‍ 1.48.17 സമയംകൊണ്ട് മല്‍സരം പൂര്‍ത്തിയാക്കിയ മുഹമ്മദ് അഫ്‌സല്‍ വെങ്കലവും നേടിയെടുത്തു. ഈ ഇനത്തില്‍ ഹരിയാനയുടെ മന്‍ജിത് സിങാണ് വെള്ളി മെഡല്‍ നേടിയത്. 1.46.42 സെക്കന്റ് സമയത്തില്‍ ഫിനിഷ് ചെയ്താണ് മന്‍ജിതിന്റെ വെള്ളിമെഡല്‍ നേട്ടം. അതേ സമയം ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും 100 മീറ്ററില്‍ കേരള താരങ്ങള്‍ക്ക് തിളങ്ങാനായില്ല. ആണ്‍കുട്ടികളില്‍ അനുരൂപ് ജോണിന് എട്ടാം സ്ഥാനത്താണ് മല്‍സരം പൂര്‍ത്തിയാക്കാനായത്.

RELATED STORIES

Share it
Top