ഫുട്‌ബോള്‍ ജീവിതം മാറ്റിമറിച്ചു; ബിസിനസില്‍ തിളങ്ങി

കണ്ണൂര്‍: കണ്ണൂരിലെയും ജന്മനാടായ കക്കാട്ടെയും മൈതാനങ്ങളില്‍ പന്ത് തട്ടിക്കളിച്ചായിരുന്നു പി പി ലക്ഷ്മണന്‍ എന്ന പ്രതിഭയുടെ വളര്‍ച്ച. ഫുട്‌ബോളായിരുന്നു ജീവിതം മാറ്റിമറിച്ചത്. കക്കാട് കോര്‍ജാന്‍ യുപി സ്‌കൂളില്‍ പഠിച്ച അദ്ദേഹം
15ാം വയസ്സില്‍ കണ്ണൂര്‍ ലക്കി സ്റ്റാര്‍ ക്ലബിനു വേണ്ടി ജഴ്‌സിയണിഞ്ഞു. പിന്നീട് ടൂര്‍ണമെന്റുകളിലെ ആവേശമായി. ദാരിദ്രത്തിന്റെ കഥയുണ്ട് ലക്ഷ്മണന്റെ ജീവിത വിജയത്തിനു പിന്നില്‍. പന്ത് തട്ടി നടന്നിരുന്ന യുവാവിനെ ജീവിതം കരുപ്പിടിപ്പിക്കാന്‍ അമ്മാവന്‍ കൊണ്ടുപോയത് ആഫ്രിക്കയിലേക്ക്. അപ്പോഴും മനസ് നിറയെ ഫുട്‌ബോള്‍ മാത്രം. ആഫ്രിക്കയിലെ കളി മൈതാനങ്ങളില്‍ ചുറ്റിയലഞ്ഞു. അങ്ങനെ കിഴക്കന്‍ ആഫ്രിക്കയിലെ ടാങ്കറിക്ക നാഷനല്‍ ക്ലബ്ബില്‍ ഇടംനേടി. ഇവിടുത്തെ പ്രകടനം ലക്ഷ്മണനെ എത്തിച്ചത് കെനിയ, ഉഗാണ്ട എന്നിവിടങ്ങളിലെ ടീമുകളിലേക്ക്. റെയില്‍വേ ജീവനക്കാരനായിരുന്ന അമ്മാവനൊപ്പം താമസിച്ചാണു ഫുട്‌ബോളില്‍ നേട്ടം കൊയ്തത്.
ലക്ഷ്മണന്റെ സോക്കര്‍ തന്ത്രങ്ങള്‍ കണ്ടറിഞ്ഞ റെയില്‍വേ അധികാരി മെക്‌ബേണി ലക്ഷ്മണനെ റെയില്‍വേയില്‍ ക്ലര്‍ക്കാക്കി. പിന്നീട് അസിസ്റ്റന്റ് സ്‌റ്റേഷന്‍ മാസ്റ്ററായി. ഫുട്‌ബോളിന് പുറമെ കുതിരപ്പന്തയത്തിലും ലക്ഷ്മണന്‍ തിളങ്ങി. ഒരിക്കല്‍ ലക്ഷ്മണന്റെ കുതിര ഒന്നാം സ്ഥാനത്തെത്തി. സമ്മാനമായി ലഭിച്ചത് 50,000 പൗണ്ട്. ആവശ്യത്തിന് സമ്പാദിച്ചതോടെ ജന്മനാടിനോടായിരുന്നു അടുത്ത മോഹം. കണ്ണൂരില്‍ തിരിച്ചെത്തിയിട്ടും സമ്പന്നതയില്‍ മതിമറന്നില്ല.
വിവിധ ബിസിനസ് മേഖലകളിലേക്ക് തിരിഞ്ഞു. ബസ്, പ്ലൈവുഡ്, കൈത്തറി, ഡൈയിങ് വ്യവസായ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചു. സംഗീത സ്‌നേഹിയായിരുന്ന ലക്ഷ്മണ്‍ കണ്ണൂര്‍ സംഗീതസഭയുടെ മുന്‍ പ്രസിഡന്റായിരുന്നു. കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ ഭാരവാഹിയായി. ജീവകാരുണ്യ പ്രവര്‍ത്തന മേഖലയിലും തിളങ്ങി.

RELATED STORIES

Share it
Top