ഫുട്‌ബോളിനെ മാത്രം സ്‌നേഹിച്ച ലത്തീഫുദ്ദീനെന്ന റോള്‍ മോഡല്‍ ഇനി ഓര്‍മ

ടി പി ജലാല്‍

മലപ്പുറം: ഫുട്‌ബോളിനെ മാത്രം സ്‌നേഹിക്കാനറിയുന്ന ലത്തീഫുദ്ദീനെന്ന കൊല്‍ക്കത്തക്കാരുടെ റോള്‍ മോഡല്‍ ഇനി ഓര്‍മ. മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരവും ഹൈദരാബാദ് സ്വദേശിയുമായ സയ്യിദ് ലത്തീഫുദ്ദീന്‍ നജാമാണ് കഴിഞ്ഞദിവസം ഹൃദയാഘാതംമൂലം മരിച്ചത്. ഇറാനെ വിറപ്പിച്ച ലത്തീഫുദ്ദീന്റെ ഗോള്‍ ഇന്നും രാജ്യത്തെ ഫുട്‌ബോള്‍ ആരാധകരുടെ മനസ്സിലുണ്ട്.
1974ല്‍ ക്വാലാലംപൂരിലെ ഏഷ്യന്‍ ജൂനിയര്‍ ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ നേടിയ സമനില ഗോളാണ് ലത്തീഫുദ്ദീനെ പ്രശസ്തനാക്കിയത്. അന്ന് 2-1ന് പിന്നില്‍ നില്‍ക്കെയായിരുന്നു ആ 17കാരന്റെ കിടിലന്‍ ഗോള്‍ പിറന്നത്. ലത്തീഫുദ്ദീന്റെ സമനില ഗോളോടെ ഇറാനുമായി ഇന്ത്യ കിരീടം പങ്കുവയ്ക്കുകയായിരുന്നു. ഹോങ്കോങ്ങിനെതിെരയും ഇന്തോനീസ്യക്കെതിരെയും ലത്തീഫുദ്ദീന്‍ ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞിട്ടുണ്ട്. 1970ല്‍ 17ാം വയസ്സില്‍ കൊല്‍ക്കത്ത മുഹമ്മദന്‍സിലൂടെയാണ് വിങ് ബാക്കായ ലത്തീഫുദ്ദീന്‍ കളിയാരംഭിച്ചത്. പീറ്റര്‍ തങ്കരാജ്, നയിമുദ്ദീന്‍, മുഹമ്മദ് ഹബീബ്, സദഖത്തുല്ലാ ഖാന്‍ എന്നിവരോടൊപ്പമുള്ള മല്‍സരം ഏറെ ഗുണം ചെയ്തു. പിതാ വും ഹെല്‍സിംഗി ഒളിംപ്യനുമായിരുന്ന സെയ്ദ് ഖ്വാജ മൊയ്‌നുദ്ദീന്‍ ആയിരുന്നു ലത്തീഫുദ്ദീന്റെ തുടക്കത്തിലെ പരിശീലകന്‍.
മുഹമ്മദന്‍സിന് വേണ്ടി എട്ട് സീസണുകളിലായി 79 ഗോളുകള്‍ നേടിയിട്ടുണ്ട്. കോഴിക്കോട് നാഗ്ജി, ഐഎഫ്എ ഷീല്‍ഡ്, ശ്രീനാരായണഗുരു ടൂര്‍ണമെന്റുകളില്‍ കളിച്ചിട്ടുണ്ട്. 72ലും 80ലും ഈസ്റ്റ് ബംഗാളിന് കളിച്ചു. ഐഎഫ്എ, ഡ്യൂറന്റ് കപ്പ് അടക്കം അഞ്ച് കിരീടം നേടിയ ടീമിലും ലത്തീഫുദ്ദീന്റെ സാന്നിധ്യമുണ്ടായിരുന്നു. മുഹമ്മദന്‍സ് ക്ലബ്ബ് കഴിഞ്ഞവര്‍ഷം ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നു. 1975ലും 76ലും സന്തോഷ് ട്രോഫി ജേതാക്കളായ ബംഗാള്‍ ടീമിലുണ്ടായിരുന്നു.
അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഏറെ മുന്നേറാനായിട്ടുണ്ടെന്നായിരുന്നു മരിക്കുംമുമ്പത്തെ ഇന്റര്‍വ്യൂവില്‍ അദ്ദേഹം പറഞ്ഞത്. ഹൈദരാബാദ് ഫുട്‌ബോളിന്റെ പിടിപ്പുകേടില്‍ നിരാശനായിരുന്ന ലത്തീഫുദ്ദീന്‍ വിദേശികള്‍ക്കൊപ്പം കളിക്കാന്‍ യുവാക്കള്‍ക്ക് അവസരം നല്‍കുന്ന ഐഎസ്എല്ലിനെ ഏറെ പ്രശംസിച്ചിരുന്നു.

RELATED STORIES

Share it
Top