ഫുട്പാത്ത് കൈയേറി കച്ചവടം: നടപടിയെടുക്കാതെ അധികൃതര്‍

കാസര്‍കോട്: നഗരത്തിലെ ഫുട്പാത്ത് തെരുവ് കച്ചവടക്കാരും ചില വ്യാപാരികളും കൈയടക്കിയതോടെ ഫുട്പാത്തിലൂടെയുള്ള യാത്ര തടസപ്പെടുന്നു. റോഡിലിറങ്ങി നടക്കുന്നതോടെ ഏത് സമയത്തും അപകടത്തില്‍ പെടുമെന്ന ആശങ്കയിലായി കാല്‍നടയാത്രക്കാര്‍. ദിനംപ്രതി ഫുട്പാത്ത് കൈയേറിയുള്ള കച്ചവടം നടത്തുന്നത് വര്‍ധിച്ചിരിക്കുകയാണ്. കാസര്‍കോട് ഗവ.ഹൈസ്‌ക്കുളിന് മുന്‍വശം മുതല്‍ മാര്‍ക്കറ്റ് റോഡ് വരെയുള്ള ഫുട്പാത്തുകളെല്ലാം തെരുവ് കച്ചവടക്കാര്‍ കൈയേറിയിരിക്കുകയാണ്.
ഇതിന് പുറമേ ചില വ്യാപാരികള്‍ അവരുടെ സ്ഥാപനങ്ങള്‍ക്ക് മുന്നിലെ ഫുട്പാത്തുകളിലും സാധനങ്ങള്‍ അടക്കി വെക്കുന്നതും പതിവായിട്ടുണ്ട്. പഴയ ബസ് സ്റ്റാന്റിലെ മുബാറക് മസ്ജിദിന് മുന്‍വശത്തെ ഫുട്പാത്തില്‍ നടക്കാന്‍ കഴിയാത്ത വിധത്തിലാണ് ഇവിടെ കച്ചവടം ചെയ്യുന്നത്. ചില വ്യാപാര സ്ഥാപനങ്ങള്‍ അവരുടെ മുന്നിലെ സ്ഥലങ്ങള്‍ തെരുവ് കച്ചവടക്കാര്‍ക്ക് ദിവസവാടകയ്ക്ക് നല്‍കിയിട്ടുണ്ട്. ഫുട്പാത്ത് മാസങ്ങളായി പലരും കയ്യടക്കിയിരിക്കുകയാണ്. റമദാന്‍ അടുത്തതോടെ ഇനി ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ എത്തി ബാക്കിയുള്ള ഫുട്പാത്തുകള്‍ കൈയടക്കുന്നതോടെ കാല്‍നട യാത്രക്കാര്‍ കൂടുതല്‍ ദുരിതത്തിലാവും. പഴയ ബസ് സ്റ്റാന്റിലെ മസ്ജിദിന്റെ ഉടമസ്ഥതയിലുള്ള ഷോപ്പിങ് മാളിന് മുന്‍വശത്തെ ഫുട്പാത്ത് തെരുവ് കച്ചവടക്കാര്‍ കൈയടക്കിയതോടെ സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ ബസില്‍ നിന്നിറങ്ങി റോഡില്‍ കൂടി നടക്കേണ്ട സ്ഥിതിയാണ്.
ഇവിടെ ഒരു ഉന്തുവണ്ടി രാവിലെ മുതല്‍ രാത്രി വരെ റോഡിലേക്കിറങ്ങിയാണ് കച്ചവടം ചെയ്യുന്നത്. ട്രാഫിക് പോലിസ് എപ്പോഴും ഇവിടെയുണ്ടെങ്കിലും റോഡ് തടസപ്പെടുത്തിയുള്ള കച്ചവടത്തിനെതിരേ നടപടിയെടുക്കുന്നില്ല. ഫുട്പാത്ത് കൈയിറി കച്ചവടം നടത്തുന്നവരേ ഇവിടെ നിന്നും മാറ്റി മറ്റൊരു സ്ഥലം കണ്ടെത്തി നല്‍കുമെന്ന് നഗരസഭ അധികൃതര്‍ തീരുമാനിച്ചിട്ട് നാളുകളേറെയായി. എന്നാല്‍ എല്ലാം വാക്കില്‍ ഒതുങ്ങുകയാണ്. ഫുട്പാത്തിലെ അനധികൃത കച്ചവടക്കാരെ ഒഴിപ്പിക്കാന്‍ നേരത്തേ നഗരസഭ അധികൃതര്‍ എത്തിയിരുന്നുവെങ്കിലും ഫുട്പാത്ത് കച്ചവടക്കാരുടെ എതിര്‍പ്പിനേ തുടര്‍ന് പിന്‍വാങ്ങുകയായിരുന്നു. മല്‍സ്യ മാര്‍ക്കറ്റ് റോഡിലും മീന്‍ വില്‍പന റോഡിലാണ്. ഇവിടെയും ഫുട്പാത്തുകള്‍ കൈയടക്കി കച്ചവടം നടക്കുന്നു. മല്‍സ്യ മാര്‍ക്കറ്റിന് കയറുന്നിടത്തെല്ലാം കച്ചവടം നടക്കുന്നുണ്ട്. ഇത് മല്‍സ്യം കയറ്റി വരുന്ന വാഹനങ്ങള്‍ക്കും മല്‍സ്യം വാങ്ങാനെത്തുന്നവര്‍ക്കും വലിയ ദുരിതമാണ് ഉണ്ടാക്കുന്നത്.
പെരുന്നാള്‍, ഓണം തുടങ്ങി വിശേഷ ദിവസങ്ങള്‍ എത്തുന്നതിന് മുമ്പേ ഫുട്പാത്ത് കൈയടക്കി അവിടെ കച്ചവടം ചെയ്യുന്നവര്‍ക്ക് വാടകയ്ക്ക് നല്‍കുന്ന സംഘവും നഗരത്തിലുള്ളതായി നേരത്തേ ആക്ഷേപമുണ്ടായിരുന്നു. കാല്‍നടയാത്രക്കാരെ റോഡിലേക്കിറക്കിയുള്ള തെരുവ് കച്ചവടത്തിനെതിരേ നഗരസഭ കര്‍ശന നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

RELATED STORIES

Share it
Top