ഫീസ് നിര്‍ണയ അധികാരം മാനേജ്‌മെന്റുകള്‍ക്ക്‌

കൊച്ചി: ചട്ടങ്ങളും മാര്‍ഗനിര്‍ദേശങ്ങളും ഇല്ലാത്തതിനാല്‍ സിബിഎസ്ഇ സ്‌കൂളുകളിലെ ഫീസ് നിര്‍ണയവുമായി ബന്ധപ്പെട്ട അധികാരം മാനേജ്‌മെന്റുകള്‍ക്കാണെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. എറണാകുളം ചേപ്പനം ശ്രീശ്രീ രവിശങ്കര്‍ വിദ്യാമന്ദിറില്‍ നിന്നു പുറത്താക്കിയ അഞ്ചു വിദ്യാര്‍ഥികളെ പുനപ്രവേശിപ്പിക്കാനുള്ള സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് റദ്ദാക്കിയാണ് ഡിവിഷന്‍ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
വിദ്യാലയങ്ങളിലെ ഫീസ് നിയന്ത്രിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും നടപടികള്‍ സര്‍ക്കാരിനു സ്വീകരിക്കാമെന്നതടക്കമുള്ള സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. ഇടക്കാല ഉത്തരവിനെതിരേ മാനേജ്‌മെന്റ് നല്‍കിയ ഹരജിയാണു കോടതി പരിഗണിച്ചത്. സ്‌കൂളില്‍ നിന്നു പുറത്താക്കിയവരില്‍ ഇപ്പോള്‍ 10ാം ക്ലാസുകാരനായ വിദ്യാര്‍ഥിയെ ഇവിടെത്തന്നെ തുടരാന്‍ അനുവദിക്കണമെന്നും മറ്റു നാലുേപര്‍ക്ക് പുനപ്രവേശനം നല്‍കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.
2017-18 അധ്യയന വര്‍ഷം 20 ശതമാനം ഫീസ് വര്‍ധിപ്പിച്ചതും കുട്ടികളുടെ മാര്‍ക്ക്‌ലിസ്റ്റ് നല്‍കാത്തതും ചോദ്യംചെയ്തു മുന്‍ പിടിഎ ഭാരവാഹികള്‍ കൂടിയായ രക്ഷിതാക്കള്‍ സ്‌കൂള്‍ മാനേജ്‌മെന്റിനെതിരേ സമരം ചെയ്തിരുന്നു. കുട്ടികളെ സ്‌കൂളില്‍ നിന്നു പുറത്താക്കിയതിനെതിരേ രക്ഷിതാക്കളും സ്‌കൂള്‍ നടപടിയില്‍ ബാലാവകാശ കമ്മീഷനും എറണാകുളം ജില്ലാ കലക്ടറും ഇടപെട്ടത് ചോദ്യംചെയ്തു മാനേജ്‌മെന്റ് സമര്‍പ്പിച്ച ഹരജിയിലാണ് ആഗസത് രണ്ടിന് ഇടക്കാല ഉത്തരവുണ്ടായത്. സ്‌കൂള്‍ അധികൃതര്‍ നിര്‍ദേശിച്ച ഫീസ് നല്‍കാന്‍ തയ്യാറാണെന്നു രക്ഷിതാക്കള്‍ അറിയിച്ചതിനെ തുടര്‍ന്ന് അഞ്ച് വിദ്യാര്‍ഥികളെയും സ്‌കൂളില്‍ പുനപ്രവേശിപ്പിക്കാന്‍ സിംഗിള്‍ ബെഞ്ച് ഇടക്കാല ഉത്തരവിടുകയായിരുന്നു. ഹരജി പരിഗണിക്കവേ ഫീസടയ്ക്കാന്‍ തയ്യാറാണെന്നും പുനപ്രവേശനം നല്‍കണമെന്നും ഹരജിക്കാര്‍ തന്നെ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണു സിംഗിള്‍ബെഞ്ച് ഉത്തരവുണ്ടായത്. എന്നാല്‍, ഇവരെ തിരിച്ചെടുത്താല്‍ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കുമെതിരേ കേസ് കൊടുക്കുന്നതടക്കം സ്‌കൂള്‍ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്ന നടപടികള്‍ ഉണ്ടായേക്കുമെന്ന ആശങ്ക മാനേജ്‌മെന്റ് അറിയിച്ചു. ഈ സാഹചര്യത്തില്‍ ഫീസടയ്ക്കാന്‍ തയ്യാറാണെങ്കിലും സ്‌കൂൡന്റെ സമാധാനാന്തരീക്ഷത്തെയും സുഗമമായ പ്രവര്‍ത്തനത്തെയും കരുതി പുറത്താക്കിയ വിദ്യാര്‍ഥികളെ ഇവിടെ തുടരാനനുവദിക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
അതേസമയം, ഒരാള്‍ 10ാം ക്ലാസിലായതിനാല്‍ ഈ വിദ്യാര്‍ഥിയെ സ്‌കൂളില്‍ തുടരാന്‍ അനുവദിക്കണമെന്നും മാനേജ്‌മെന്റ് ആവശ്യപ്പെടുന്ന ഫീസ് വിദ്യാര്‍ഥി അടയ്ക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഹരജിക്കാര്‍ സ്‌കൂള്‍ പ്രവര്‍ത്തനത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കരുത്. പരാതികളുണ്ടെങ്കില്‍ അധികാരികള്‍ മുഖേന തീര്‍പ്പിനു ശ്രമിക്കണം. ഇവരില്‍ നിന്ന് ഏതെങ്കിലും തരത്തിലുള്ള ശല്യമുണ്ടായാല്‍ സ്‌കൂള്‍ അധികൃതര്‍ക്ക് പോലിസ് സംരക്ഷണം തേടാമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
ഫീസ് നിര്‍ണയം മാനേജ്‌മെന്റിന്റെ അധികാരത്തിലുള്ളതാണെന്നു കോടതി നിരീക്ഷിച്ചു. വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഇതില്‍ ഒന്നും പറയാനാവില്ല. ഫീസ് നിര്‍ണയവുമായി ബന്ധപ്പെട്ട് എന്തെങ്കിലും ചട്ടമോ സിബിഎസ്ഇയുടെ മാര്‍ഗനിര്‍ദേശങ്ങളോ നിലവിലില്ല. പരാതികളുണ്ടെങ്കില്‍ സമാധാനപരമായി പരിഹരിക്കുകയാണു വേണ്ടത്. കുട്ടികളെ ധര്‍ണ പോലുള്ള പ്രതിഷേധ സമരങ്ങളിലേക്ക് എത്തിക്കരുതെന്നും കോടതി പറഞ്ഞു.

RELATED STORIES

Share it
Top