ഫീസ് ഏര്‍പ്പെടുത്തിയതോടെ റെയില്‍വേ പാര്‍ക്കിങ് യാഡില്‍ തിരക്കൊഴിഞ്ഞു

തൃക്കരിപ്പൂര്‍: റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് റോട്ടറി ക്ലബ് ഏര്‍പ്പെടുത്തിയ പാര്‍ക്കിങ് സൗകര്യത്തിന് ഫീസ് ഏര്‍പ്പെടുത്തിയതോടെ റെയില്‍വേ പാര്‍ക്കിങ് യാഡില്‍ തിരക്കൊഴിഞ്ഞു.
പാര്‍ക്കിങ് സ്ഥലത്ത് പാര്‍ക്ക് ചെയ്യാതെ റെയില്‍വേ സ്‌റ്റേഷന്‍ റോഡ് മുതല്‍ സെന്റ് പോള്‍സ് എയുപിസ്‌കൂള്‍ വരെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുകയാണ്.
പകല്‍ മുഴുവന്‍ പാതയോരത്ത് നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ സ്‌കൂള്‍ കുട്ടികള്‍ക്കും യാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കും ദുരിതമാവുകയാണ്. അതേസമയം പാര്‍ക്കിങിന് ഭീമമായ തുക ഈടാക്കുന്നതില്‍ പ്രതിഷേധിച്ചാണ് പാര്‍ക്കിങ് വെളിയിലേക്ക് മാറ്റിയതെന്ന് ഒരു വിഭാഗം യാത്രക്കാര്‍ പറയുന്നു. മേല്‍ക്കൂര ഇല്ലാത്ത പാര്‍ക്കിങിന് ഭീമമായ തുക ഈടാക്കുന്നത് ന്യായീകരിക്കാനാവില്ലെന്നാണ് ഇവരുടെ നിലപാട്.
പുതിയ റെയില്‍വേസ്‌റ്റേഷന്‍ കെട്ടിട പരിസരത്തുള്ള പാര്‍ക്കിങിനും റെയില്‍വേ നിയന്ത്രണം ഏര്‍പ്പെടുത്തുകയാണ്. പഴയ സ്‌റ്റേഷന്‍ കെട്ടിടത്തിലേക്കുള്ള റോഡിലും പാര്‍ക്കിങ് നടത്തുന്നതിന് നിയന്ത്രണം ഉണ്ടാവും. ഇക്കഴിഞ്ഞ മെയിലാണ്് ഏഴുലക്ഷത്തോളം രൂപ ചെലവില്‍ തൃക്കരിപ്പൂര്‍ റോട്ടറിയുടെ നേതൃത്വത്തില്‍ റെയില്‍വേ സ്‌റ്റേഷനില്‍ പാര്‍ക്കിങ് സൗകര്യം ഒരുക്കിയത്. റെയില്‍വേ സ്‌റ്റേഷന്റെ കിഴക്കുഭാഗത്ത് ഫുട്ട്ഓവര്‍ ബ്രിഡ്ജ് തുടങ്ങുന്ന ഭാഗം മുതല്‍ ഫെഡറല്‍ ബാങ്ക് വരെയുള്ള മേഖലയിലാണ് പാര്‍ക്കിങ് ഒരുക്കിയത്. ഒരുവശത്ത് കാറുകളും മറുവശത്ത് ബൈക്കുകളും എന്നരീതിയില്‍ 15 കാറുകളും അമ്പതോളം ബൈക്കുകളും പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമാണ് ഉണ്ടാക്കിയത്. പാര്‍ക്കിങ് തുറന്നപ്പോള്‍ ബൈക്കുകളുടെ ആധിക്യമായിരുന്നു. നേരത്തെ മിനി സ്‌റ്റേഡിയത്തിന്റെ വടക്കുഭാഗത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കുകള്‍ വീണ്ടും പഴയപടി റോഡരികില്‍ നിര്‍ത്തിയിടുകയാണ്.

RELATED STORIES

Share it
Top