ഫിഷറീസ് സ്‌റ്റേഷനു നേരെ ആക്രമണം;പിടിച്ചെടുത്ത ബോട്ടുകള്‍ കൊണ്ടുപോയി ്‌

വൈപ്പിന്‍: മല്‍സ്യമേഖലയെ തകര്‍ക്കുന്ന ചെറുമല്‍സ്യബന്ധനം തടയാനുള്ള അധികൃതരുടെ ശ്രമങ്ങള്‍ക്കിടെ ഒരു സംഘം ആളുകള്‍ വൈപ്പിനിലെ ഫിഷറീസ് സ്‌റ്റേഷന്‍ ആക്രമിച്ചു. അസിസ്റ്റന്റ് ഡയറക്ടര്‍ക്കും സിവില്‍ പോലിസ് ഓഫിസര്‍ക്കും പരിക്കേറ്റു. അസി. ഡയറക്ടര്‍ എസ് ഐ രാജേഷ്, സിവില്‍ പോലിസ് ഉദ്യോഗസ്ഥന്‍ എ എന്‍ സിജു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി ജുവനൈല്‍ ഫിഷിങ് (ചെറുമല്‍സ്യബന്ധനം) തടയുന്നതിന്റെ ഭാഗമായി പരിശോധനയ്ക്ക് എത്തിയ പട്രോളിങ് സംഘം മുനമ്പം മിനി ഹാര്‍ബറില്‍ നിന്നും ചെറുമല്‍സ്യവുമായി എത്തിയ പി ജെ വിനോദിന്റെ ഉടമസ്ഥതയിലുള്ള അഭിഷിക്തന്‍, ഈശിയുടെ ഫെര്‍ണാണ്ടോ എന്നീ ബോട്ടുകള്‍ പിടിച്ചെടുത്തു. ഇന്നലെ പുലര്‍ച്ചെ നാലരയോടെ ആറ് ടെംപോ വാനുകളിലും അഞ്ചു കാറുകളിലും ബൈക്കിലുമായി എത്തിയ സംഘം ഫിഷറീസ് സ്‌റ്റേഷനില്‍ അതിക്രമിച്ചു കയറുകയും ഫയലുകള്‍ നശിപ്പിക്കുകയും ചെയ്തു. ഡ്യൂട്ടിയിലുണ്ടായിരുന്ന അസിസ്റ്റന്റ് ഡയറക്ടറയെും സിവില്‍ പോലിസ് ഉദ്യോഗസ്ഥനെയും ആക്രമിക്കുകയും ചെയ്തു. അസി. ഡയറക്ടറുടെ മൊബൈല്‍ ഫോണ്‍ തകര്‍ത്തു. കസ്റ്റഡിയിലെടുത്ത് ജെട്ടിയില്‍ കെട്ടിയിരുന്ന രണ്ടു ബോട്ടും ഈ സംഘം അഴിച്ചുകൊണ്ടുപോയി. സംഭവം അറിഞ്ഞ ഉടനെ ഉയര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. മുളവുകാട് പോലിസ് കേസെടുത്തു. തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി അസി. ഡയറക്ടര്‍ എസ് ഐ രാജേഷ് പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

RELATED STORIES

Share it
Top