ഫിഷറീസ് ഡിപാര്‍ട്ട്‌മെന്റിന്റെ അനാസ്ഥ; മീന്‍ വളര്‍ത്തല്‍ കര്‍ഷകര്‍ പ്രതിസന്ധിയില്‍

കോട്ടയം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ വഴി ഫിഷറീസ് ഡിപാര്‍ട്ട്‌മെന്റ് വിതരണം ചെയ്ത മീന്‍ കുഞ്ഞുങ്ങള്‍ ഗുണനിലവാരം ഇല്ലാത്തവയെന്നു പരാതി. ഒരു വര്‍ഷമായിട്ടും മീനുകള്‍ക്കു വലിപ്പവും തൂക്കവും വയ്ക്കാത്തതിനാല്‍ കര്‍ഷകര്‍ മീന്‍ വളര്‍ത്തലില്‍ നിന്ന് പിന്‍മാറുന്ന സാഹചര്യം സംജാതമായിട്ടുണ്ട്. കടല്‍ മല്‍സ്യത്തിന്റെ ലഭ്യത കുറഞ്ഞതോടെ കര്‍ഷകര്‍ക്ക് ഈ സമയം മീനുകള്‍ക്ക് നല്ല വില കിട്ടേണ്ടതാണ് ഫിഷറീസ് വകുപ്പിന്റെ അനാസ്ഥമൂലം ഇല്ലാതായിരിക്കുന്നത്. കട്‌ല, സിലോപ്പിയ എന്നീ ഇനത്തിലുള്ള മീന്‍ കുഞ്ഞുങ്ങളെയാണ് കര്‍ഷകര്‍ക്കു വിതരണം ചെയ്തത്. പടുതാ കുളങ്ങളും ഫെറോസിമിന്റെ ടാങ്കുകളും നിര്‍മിക്കാനായി നല്ല തുക കര്‍ഷകര്‍ ചെലവാക്കിയിരുന്നു. ഫിഷറീസ് വകുപ്പ്  ജില്ലയില്‍  മീന്‍ കുഞ്ഞുങ്ങളെ ഉല്‍പാദിപ്പിക്കുന്ന പാറമ്പുഴ, പള്ളം, കുമരകം ഫാമുകളില്‍ കര്‍ഷകര്‍ സമീപിച്ചാല്‍ മീന്‍ കുഞ്ഞുങ്ങളെ ലഭിക്കാന്‍ വളരെ കാല താമസം നേരിടുന്നു.  സ്വകാര്യ ഫാമുകളിലെ മീന്‍ കുഞ്ഞുങ്ങളെയാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ വിതരണം ചെയ്തത്.  സ്വകാര്യ മീന്‍ കുഞ്ഞ് ഉല്‍പാദകരും ഫിഷറീസ് വകുപ്പിലെ ചില ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയാണ് ഗുണനിലവാരം ഇല്ലാത്ത മീന്‍ കുഞ്ഞുങ്ങളെ വിതരണം ചെയ്തതിന് പിന്നിലെന്ന് കര്‍ഷക കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി എബി ഐപ്പ് പറഞ്ഞു. കര്‍ഷകര്‍ക്ക് ലാഭകരമായ ഗിഫ്റ്റ് തിലോപ്പി, അനാപ്പസ്, റെഡ്ക്രാഫ്റ്റ് തുടങ്ങിയ മീന്‍ കുഞ്ഞുങ്ങള്‍ അന്യസംസ്ഥാനത്തു നിന്നുമാണ് പ്രധാനമായും എത്തുന്നത്. സ്വകാര്യ മീന്‍ വളര്‍ത്തല്‍ കേന്ദ്രങ്ങള്‍ വളരെ കൂടിയ വിലയ്ക്കാണ് കര്‍ഷകര്‍ക്ക് ഇവ വില്‍ക്കുന്നത്.  ഇത്തരം മീനുകള്‍ ഫിഷറീസ് വകുപ്പില്‍ നിന്നും ലഭിക്കാനായി സമീപിച്ചാല്‍ ഒരിക്കലും ലഭിക്കാറില്ല. വളരെ അധികം വരുമാനം നേടിത്തരുന്ന മീന്‍ വളര്‍ത്തല്‍ മേഖലയില്‍ സ്വകാര്യ ലോബിയുടെ ഇടപെടല്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ ഒപ്പിട്ട നിവേദനം സര്‍ക്കാരിനു സമര്‍പ്പിക്കുമെന്നും എബി ഐപ്പ് പറഞ്ഞു.

RELATED STORIES

Share it
Top