ഫിലിപ്പീന്‍സ് : മറാവിയില്‍ സൈന്യം വ്യോമാക്രമണം ആരംഭിച്ചുമനില: ഫിലിപ്പീന്‍സില്‍ അബുസയ്യാഫ്, മൗതി പ്രവര്‍ത്തകരെ ലക്ഷ്യംവച്ച് സൈന്യം വ്യോമാക്രമണം ആരംഭിച്ചു. തെക്കന്‍ നഗരമായ മറാവിയിലാണ് ഐഎസ് അനുകൂല സംഘടനകളെ ലക്ഷ്യംവച്ച് വ്യോമാക്രമണം. നഗരത്തില്‍ 40ഓളം സായുധപ്രവര്‍ത്തകര്‍ ഒളിവില്‍കഴിയുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടിയെന്ന് സൈനികവക്താവ് ലെഫ്റ്റനന്റ് കേണല്‍ ജോഅര്‍ ഹെരേര അറിയിച്ചു. സൈനിക നടപടിക്കു മുന്നോടിയായി നഗരത്തില്‍നിന്ന് ആയിരക്കണക്കിനു സിവിലിയന്‍മാരെ ഒഴിപ്പിച്ചിരുന്നു. 2 ലക്ഷത്തോളമാണ് നഗരത്തിലെ ജനസംഖ്യ. ഇതില്‍ ഭൂരിപക്ഷംപേരും നഗരംവിട്ടതായാണ് റിപോര്‍ട്ട്. ഇപ്പോഴും നഗരത്തില്‍ തുടരുന്നവര്‍ക്ക് ആക്രമണം സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയതായി  സൈനിക വക്താവ് അറിയിച്ചു. ഐഎസ് അനുകൂല സംഘടനയായ അബുസയ്യാഫ് നേതാക്കളുടെ ഒളിസങ്കേതത്തില്‍ ചൊവ്വാ്‌ഴച സൈന്യം തിരച്ചില്‍ നടത്തിയിരുന്നു. മൂന്നു ദിവസമായി സൈന്യവും സായുധ സംഘവുമായി തുടരുന്ന ഏറ്റുമുട്ടലില്‍ 21 പേര്‍ കൊല്ലപ്പെട്ടു. സംഘര്‍ഷത്തില്‍ അബൂസയ്യാഫ് പ്രവര്‍ത്തകര്‍ ഒരു കത്തോലിക്കാ പള്ളിയും ജയിലും രണ്ട് സ്‌കൂളുകളും തീവച്ചുനശിപ്പിച്ചതായും മറാവി നഗരത്തിലേക്കുള്ള റോഡുകള്‍ ഉപരോധിച്ചതായും റിപോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ മറാവി ഉള്‍പ്പെടുന്ന മന്‍ഡനാവോ ദ്വീപില്‍ ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ദുതെര്‍ത്തേ  60 ദിവസത്തേക്ക്് പട്ടാള നിയമം പ്രഖ്യാപിച്ചിരുന്നു.

RELATED STORIES

Share it
Top