ഫിലിപ്പീന്‍സ്: തിരഞ്ഞെടുപ്പ് കാലത്തെ ആക്രമണങ്ങളില്‍ 33 മരണം

മനില: ഫിലിപ്പീന്‍സില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളില്‍ ഒരു മാസത്തിനിടെ 33 പേര്‍ കൊല്ലപ്പെട്ടു. 19 പേര്‍ക്കു പരിക്കേറ്റു. ഇന്നലെയായിരുന്നു ഫിലിപ്പീന്‍സിലെ തദ്ദേശ തിരഞ്ഞെടുപ്പ്. കഴിഞ്ഞ മാസം 14നു തിരഞ്ഞെടുപ്പു പ്രചാരണം ആരംഭിച്ചതു മുതലാണു സംഘര്‍ഷങ്ങളുണ്ടായത്. 18 പ്രാദേശിക സര്‍ക്കാര്‍ ഉദ്യോഗസ്ഥരും നാലു സ്ഥാനാര്‍ഥികളും, മൂന്നു മുന്‍ ഉദ്യോഗസ്ഥരും എട്ടു സാധാരണക്കാരും ഈ കാലയളവില്‍ കൊല്ലപ്പെട്ടു.
തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് റോഡിഗ്രോ ദുതെര്‍തേ വോട്ട് ചെയ്തില്ലെന്നു ഫിലിപ്പീന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. 2016ല്‍ ദുതെര്‍തെ പ്രസിഡന്റായി അധികാരമേറ്റ ശേഷമുള്ള ഫിലിപ്പീന്‍സിലെ ആദ്യ തിരഞ്ഞെടുപ്പാണിത്. പ്രസിഡന്റ് വോട്ട് ചെയ്യാത്ത—തിന്റെ കാരണം വ്യക്തമല്ല. ഞായറാഴ്ച മാത്രം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 36 അക്രമങ്ങള്‍ നടന്നതായി പോലിസ് മേധാവി ഓസ്‌കാര്‍ അല്‍ബയാല്‍ദെ പറഞ്ഞു.
സെബു പ്രവിശ്യയില്‍ മേയറെയും കുടുംബത്തെയും ലക്ഷ്യമിട്ടുള്ള ആക്രമണവും ഇതില്‍ ഉള്‍പ്പെടുന്നു. സെബു മേയര്‍ വിസെന്റെ ലൂടും കുടുംബവും നിസ്സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവര്‍ക്കു നേരെ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. വടക്കന്‍ പ്രവിശ്യയായ ലാ യൂനിയനില്‍ മുന്‍ പാര്‍ലമെന്റ് അംഗം യുഫ്രാനിയോ എറിഗ്വേല്‍ ഞായറാഴ്ച വെടിയേറ്റു കൊല്ലപ്പെട്ടു. തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെയായിരുന്നു ആക്രമണം. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ അക്രമികളും കൊല്ലപ്പെട്ടു.
തെക്കന്‍ ദ്വീപായ മിന്‍ഡാനോയിലെ പ്രാദേശിക റേഡിയോ പ്രവര്‍ത്തകനും കഴിഞ്ഞദിവസം കൊല്ലപ്പെട്ടു. 2013ല്‍ ഫിലിപ്പീന്‍ പ്രാദേശിക തിരഞ്ഞെടുപ്പിനിടെ 109 പേര്‍ കൊല്ലപ്പെടുകയും 109 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

RELATED STORIES

Share it
Top