ഫിലിപ്പീന്‍സില്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസിനെ പുറത്താക്കി

മനില: ഫിലിപ്പീന്‍സില്‍ പ്രസിഡന്റ് റോഡിഗ്രോ ദുതര്‍തെയെ ശക്തമായി വിമര്‍ശിച്ച സുപ്രിംകോടതി ചീഫ് ജസ്റ്റിസിനെ പുറത്താക്കി. വെള്ളിയാഴ്ചയാണ് ജസ്റ്റിസ് മരിയ ലൂര്‍ദെസ് സെറിനോയെ പുറത്താക്കിയത്.  2010ല്‍ നിയമനസമയത്ത് വരുമാനം വെളിപ്പെടുത്തിയില്ലെന്ന കാരണം കാണിച്ചാണ് സര്‍ക്കാര്‍ ഇവര്‍ക്കെതിരേ നടപടി സ്വീകരിച്ചത്. സെറിനോയെ പുറത്താക്കണമെന്ന സര്‍ക്കാരിന്റെ ഹരജി സുപ്രിംകോടതിയില്‍
ആറിനെതിരേ എട്ട് വോട്ടുകള്‍ക്ക് പാസാവുകയായിരുന്നു.
എന്നാല്‍, രാജ്യത്ത് ജനാധിപത്യം അവസാനിക്കുന്നതിന്റെ സൂചനയാണിതെന്നു സാമൂഹിക പ്രവര്‍ത്തകരും രാഷ്ട്രീയ നിരീക്ഷകരും അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ നീക്കത്തിനെതിരേ അപ്പീല്‍ നല്‍കുമെന്നു ജസ്റ്റിസിന്റെ വക്താവ് അറിയിച്ചു. പ്രസിഡന്റ് ദുതര്‍തെയുടെ നേതൃത്വത്തില്‍ നടക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനില്‍ക്കാന്‍ സെറിനോ വിസമ്മതിച്ചിരുന്നു. ദുതര്‍തെയുടെ നീക്കത്തിനെതിരേ പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്. ഭരണകൂടത്തിന്റെ അധികാരദുര്‍വിനിയോഗത്തിനെതിരേയും അടിച്ചമര്‍ത്തലുകള്‍ക്കെതിരേയും പോരാട്ടം തുടരുമെന്നു സെറിനോ അറിയിച്ചു.

RELATED STORIES

Share it
Top