ഫിറോസ് വാഫി ഇനി കേരള പോലിസിലെ ആദ്യ വാഫി ബിരുദധാരി

ഷമീര്‍ രാമപുരം

രാമപുരം: കേരള പോലിസിലെ ആദ്യ വാഫി ബിരുദധാരിയായി രാമപുരം പള്ളിപ്പടി സ്വദേശി ഫിറോസ് വാഫി. രാമപുരം പള്ളിപ്പടി സ്വദേശിയും കോഴിക്കോട് ചായമക്കാനി നടത്തിപ്പുകാരനുമായ അമ്പലക്കുന്നന്‍ കുഞ്ഞിമുഹമ്മദ് എന്ന ഇണ്ണിയുടെയും കടുങ്ങപുരം കണ്ണംപള്ളിയാലില്‍ ഖദീജയുടെയും മകനാണ് ഫിറോസ്.
പെരിന്തല്‍മണ്ണ തൂത പാറലിലെ ദാറുല്‍ ഉലൂം കോളജില്‍ നിന്നാണ് എട്ടുവര്‍ഷത്തെ വാഫി കോഴ്‌സ് പൂര്‍ത്തീകരിച്ചത്. വാഫി പഠനത്തിന്റെ മധ്യകാലഘട്ടത്തിലാണ് ഫിറോസ് പിഎസ്‌സിക്ക് ശ്രമിക്കുന്നത്. കഠിനാധ്വാനവും നിരന്തര ശ്രമവും മികച്ച ഫലം നല്‍കി. യൂനിവേഴ്‌സിറ്റി അസിസ്റ്റന്റ് പരീക്ഷയില്‍ റാങ്കോടെ വെയ്റ്റിങ് ലിസ്റ്റിലും ഉള്‍പ്പെട്ടു. ഒടുവില്‍ മലബാര്‍ സ്‌പെഷ്യല്‍ പോലിസ് സേനയിലേക്കും വഴിതുറന്നു. 2015ല്‍ വാഫി ബിരുദം നേടിയശേഷം ഇടിയങ്ങര ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസ അധ്യാപകന്‍, മസ്ജിദ് ഇമാം തുടങ്ങിയ ജോലികള്‍ ചെയ്തു. മക്കരപ്പറമ്പ് നൂറുല്‍ഹുദാ മദ്‌റസ അധ്യാപകനായിരിക്കെയാണ് പോലിസ് പരിശീലനത്തിന് തിരഞ്ഞെടുക്കപ്പെട്ടത്.
210 പ്രവൃത്തിദിവസങ്ങളിലായി എംഎസ്പിയിലെ പരിശീലനങ്ങള്‍ക്കു ശേഷമുള്ള ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു.
നവംബര്‍ 3ന് കണ്ണൂരില്‍ നടക്കുന്ന പാസിങ് ഔട്ട് പരേഡ് പൂര്‍ത്തീകരിക്കുന്നതോടെ ഫിറോസ് വാഫി എന്ന ഇസ്‌ലാമിക പണ്ഡിത ബിരുദധാരി പോലിസ് വാഫിയായി ചരിത്രത്തിന്റെ ഭാഗമായിമാറും.

RELATED STORIES

Share it
Top