ഫിറോസ് താങ്കള്‍ എവിടെയാണ് ?കെ എ  സലിം

വാട്‌വ അര്‍ഷ് കോളനിയില്‍ ചെല്ലുമ്പോള്‍ ആ ള്‍ക്കൂട്ടത്തിന്റെ തിരക്കിലെവിടെയോ ഫിേറാസുണ്ടായിരുന്നു. എന്നാല്‍, 15 വര്‍ഷം ലോകത്തിനു മുന്നില്‍ അദൃശ്യനായി നിന്ന അയാളെ തിരിച്ചറിയാനായിരുന്നില്ല. ഫിറോസിനെ നിങ്ങളാരും അറിയാനിടയില്ല. എന്നാല്‍, കൗസര്‍ ഭാനുവിനെ അറിയാത്തവരുണ്ടാവില്ല. ഗുജറാത്ത് വംശഹത്യക്കാലത്ത് നരോദാപാട്യയില്‍ ഹിന്ദുത്വര്‍ വയറുകീറി കുഞ്ഞിനെ പുറത്തെടുത്ത് കൊന്ന കൗസര്‍ ഭാനുവിന്റെ ഭര്‍ത്താവാണ് ഫിറോസ്. അയാള്‍ ആരോടും അധികം സംസാരിക്കാറില്ലെന്ന് ആരോ പറഞ്ഞു. വംശഹത്യയുടെ ഓര്‍മകളില്‍ നിന്ന് ഓടിയൊളിച്ചുകൊണ്ടിരിക്കുകയായിരുന്നു അയാ ള്‍. അല്‍പം മുമ്പ് ധൃതിയില്‍ ഓട്ടോ ഓടിച്ചുപോവുന്നതു കണ്ടിരുന്നു. അയാളങ്ങനെയാണ്. ഫോണ്‍ ഉപയോഗിക്കില്ല. രാത്രി വൈകി വീട്ടില്‍ വരും. കാലത്ത് ഇറങ്ങിപ്പോവും- കോളനിയിലെ പൊതുപ്രവര്‍ത്തകനായ ഇഖ്‌റാം ശെയ്ഖ് പറഞ്ഞു. പിന്നീടു പലപ്പോഴും ഫിറോസ് വീട്ടില്‍ വന്നുപോയെന്ന് ആരൊക്കെയോ വിളിച്ചുപറഞ്ഞു. തേടിയെത്തുമ്പോഴേക്കും അയാള്‍ അപ്രത്യക്ഷനായിരുന്നു. വാട്‌വയിലെ ഗലികളില്‍, ആലംനഗറിലെ ഓട്ടോത്തെരുവില്‍ അങ്ങനെ പലയിടങ്ങളില്‍ ഞങ്ങള്‍ ഫിറോസിനെ തേടിനടന്നു. ഓരോ ഘട്ടങ്ങളിലും അറബിക്കഥകളിലെ ജിന്നിനെപ്പോലെ അയാള്‍ കണ്‍മുന്നില്‍ നിന്ന് മറഞ്ഞുകൊണ്ടിരുന്നു.  ഇന്നു രാത്രി കോളനിയിലെ സലിം ശെയ്ഖിന്റെ മകളുടെ കല്യാണമാണ്. ആ കല്യാണത്തിന് ഫിറോസ് ഇല്ലാതിരിക്കില്ല- കാലത്ത് ഇഖ്‌റാം വിളിച്ചുപറഞ്ഞു. അന്നു രാത്രി അര്‍ഷ് കോളനിയിലെ ഇടിഞ്ഞുപൊളിഞ്ഞ 42ാം നമ്പര്‍ വീട്ടില്‍ ഫിറോസ് എനിക്കു മുന്നിലിരുന്നു. ക്ഷീണിച്ചു മെല്ലിച്ച രൂപം. എനിക്കൊന്നും ഓര്‍മയില്ല, ചോദ്യങ്ങള്‍ക്കെല്ലാം അയാള്‍ പിറുപിറുത്തുകൊണ്ടിരുന്നു. നിങ്ങള്‍ ചായ കുടിച്ചിട്ടു പോവൂ, എനിക്ക് നല്ല സുഖമില്ല. അകലേക്കു നോക്കി അയാള്‍ പറഞ്ഞു. കുശലാന്വേഷണങ്ങള്‍ക്കിടെ പതുക്കെ ഫിറോസ് മൗനത്തിന്റെ കെട്ടുപൊട്ടിച്ചു. എനിക്കവളെ അന്നു രക്ഷിക്കാന്‍ കഴിയുമായിരുന്നില്ലേ. എനിക്കറിയില്ല. ഞാന്‍ അതിനായി ശ്രമിച്ചതാണ്, നടന്നില്ല. മനുഷ്യര്‍ ചെയ്യുന്നതല്ല അവര്‍ അവളോട് ചെയ്തത്. ഒമ്പതുമാസം ഗര്‍ഭിണിയായിരുന്നു അവള്‍. നിരവധിപേര്‍ മതിവരുവോളം അവളെ ക്രൂരമായി ബലാല്‍സംഗം ചെയ്തു. വയറുകീറി കുഞ്ഞിനെ പുറത്തെടുത്തു കത്തിച്ചു. ചെകുത്താന്‍മാര്‍പോലും ഇങ്ങനെ ചെയ്യില്ല. ഞാന്‍ അതേക്കുറിച്ചൊന്നും ഇപ്പോള്‍ ആരോടും സംസാരിക്കാറില്ല- ഫിറോസ് പറഞ്ഞു. 2002ലെ വംശഹത്യക്ക് ഒരുവര്‍ഷം മുമ്പാണ് ഫിറോസ് 22കാരിയായ ഹിന കൗസര്‍ എന്ന കൗസര്‍ ഭാനുവിനെ വിവാഹം ചെയ്തത്. കര്‍ണാടകക്കാരായിരുന്നു ഇരുവരും. വിവാഹവും കര്‍ണാടകയില്‍ വച്ചായിരുന്നു. നരോദാപാട്യക്കടുത്ത ഒരു ഫാക്ടറിയിലെ തൊഴിലാളിയായിരുന്നു ഫിറോസ്. 2002 ഫെബ്രുവരി 28ന് ഉച്ചയൂണ് കഴിക്കാന്‍ ഫാക്ടറിയില്‍ നിന്ന് സൈക്കിളില്‍ വരുകയായിരുന്നു ഫിറോസ്. എന്നാല്‍, നൂറാനി മസ്ജിദിനടുത്ത് നരോദാപാട്യയിലേക്കുള്ള ഇടുങ്ങിയ വഴിയടച്ച് 700ഓളം വരുന്ന സംഘം ആയുധങ്ങളുമായി നിലയുറപ്പിച്ചിരുന്നു. നിലവിളിച്ചുകൊണ്ട് ചിലര്‍ പുറത്തേക്ക് ഓടുന്നതു കണ്ടു. നൂറാനി മസ്ജിദ് കത്തിയെരിയുന്നതു കാണാമായിരുന്നു. ഹിന അവിടെയുണ്ട്. അവള്‍ക്ക് ഓടാന്‍പോലും കഴിയില്ല. എന്തുചെയ്യണമെന്നറിയാതെ ഞാന്‍ തരിച്ചുനിന്നു. അക്രമികളുടെ കണ്ണില്‍പ്പെടാതെ അകത്തേക്കു കടക്കാന്‍ ഞാന്‍ പലതവണ ശ്രമിച്ചു. സാധിച്ചില്ല. ഹിന ഇവിടെയെത്തിയിട്ട് മാസങ്ങളേ ആയുള്ളൂ. അവള്‍ക്ക് ഈ സ്ഥലത്തെക്കുറിച്ച് അറിയില്ല. ഭാഷപോലും അറിയില്ല. വീട്ടിനുള്ളില്‍ ഒളിച്ചിരുന്ന അവളെ വലിച്ച് വീടിനു പുറത്തിട്ടാണ് ബലാല്‍സംഗം ചെയ്തത്. സഹോദരി ഉള്‍പ്പെടെ ഫിറോസിന്റെ കുടുംബത്തിലെ അഞ്ചുപേര്‍ അന്ന് കൊല്ലപ്പെട്ടു. കുടുംബത്തിലേക്കുള്ള പുതിയ അതിഥിയെ സ്വാഗതംചെയ്യാനെത്തിയ കൗസര്‍ ഭാനുവിന്റെ പിതാവും മറ്റു ബന്ധുക്കളും അവിടെയുണ്ടായിരുന്നു. കൗസറിന്റെ സഹോദരന്‍ ഷാഹിദിന്റെ ഭാര്യയും രണ്ടു കുട്ടികളും കൊല്ലപ്പെട്ടു. ഷാഹിദും കൗസറിന്റെ പിതാവ് ഖാലിദ് നൂര്‍ മുഹമ്മദും രക്ഷപ്പെട്ടു. വീടിനു മുന്നില്‍ പൂര്‍ണ നഗ്‌നയായി കിടക്കുന്ന നിലയിലായിരുന്നു ഹിനയുടെ മൃതദേഹം. കണ്ടവര്‍ ഒന്നേ നോക്കിയൂള്ളൂ- ഫിറോസ് തുടര്‍ന്നു.

രണ്ടാം ഭാഗം :എല്ലാം അബ്ബ കണ്ടുനില്‍പ്പുണ്ടായിരുന്നു

RELATED STORIES

Share it
Top