ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പ് :എതിരില്ലാതെ ചിലിമോസ്‌കോ: ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ ആദ്യ മല്‍സരത്തിനിറങ്ങിയ ചിലിക്ക് ഏകപക്ഷീയ ജയം. ആഫ്രിക്കന്‍ ചാംപ്യന്മാരായ കാമറൂണിനെതിരേ എതിരില്ലാത്ത രണ്ട് ഗോളിലാണ് ലാറ്റിനമേരിക്കന്‍ കരുത്തര്‍ ജയം നേടിയത്. വീഡിയോ അസിസ്റ്റന്റ് റഫറിയുടെ സഹായത്തിലാണ് ചിലിക്ക് തങ്ങളുടെ രണ്ടാം ഗോള്‍ അനുവദിച്ചു കിട്ടിയത്. ആദ്യപകുതിയില്‍ ചിലിയുടെ ഒരു ഗോള്‍ വീഡിയോ റഫറി നിരസിച്ചിരുന്നു. ഹാഫ് ടൈമിന് തൊട്ടുമുമ്പ് വിദാലിന്റെ മനോഹരമായ വൈറ്റഡ് പാസ് വാര്‍ഗാസ് വലയിലെത്തിച്ചു. ആധിപത്യം നേടിയതിന്റെ ആഹ്ലാദത്തിലേക്ക് ചിലി താരങ്ങള്‍ കടക്കുംമുമ്പ് വീഡിയോ റഫറി ആ ഗോള്‍ ഓഫ്‌സൈഡ് വിളിക്കുകയായിരുന്നു. പിന്നീട് രണ്ടാംപകുതിയില്‍ പകരക്കാരെ കളത്തിലിറക്കാനായിരുന്നു പരിശീലകന്‍ ജുവാന്‍ അന്റോണിയോയുടെ തീരുമാനം. തുടര്‍ന്ന് പരിക്കേറ്റിരുന്ന അലക്‌സിസ് സാഞ്ചസിനെയും വലെന്‍സിയയേയുമെല്ലാം കളത്തിലിറക്കി. അതിന്റെ ഫലം കണ്ടത് 81ാം മിനിറ്റിലായിരുന്നു. സാഞ്ചസ് നല്‍കിയ പാസ്സില്‍ നിന്ന് ഹെഡ്ഡര്‍ പായിച്ച വിദാലിന്റെ ഷോട്ട് കാമറൂണിന്റെ ഗോള്‍ കീപ്പര്‍ക്ക് തടുക്കാനായില്ല. ഒറ്റ ഗോളില്‍ പിരിയുമെന്ന് കരുതിയ മല്‍സരത്തില്‍ അവസാന നിമിഷം വീഡിയോ റഫറി ചിലിക്ക് രക്ഷകനായി. അവസാന നിമിഷം വാര്‍ഗസ് നേടിയ ഗോള്‍ ലൈന്‍ റഫറി ഓഫ് വിളിച്ചു. പക്ഷേ, വീഡിയോ അസിസ്റ്റിങിലൂടെ തീരുമാനം തെറ്റാണെന്ന് വിധി വന്നതോടെ രണ്ട് ഗോളിന്റെ ഏകപക്ഷീയ ജയം ചിലിക്കൊപ്പം നിന്നു. ഇതോടെ ഗ്രൂപ്പ് ബിയില്‍ ചിലി മൂന്ന് പോയിന്റുമായി മുന്നിലെത്തി.

RELATED STORIES

Share it
Top