ഫിനോമിനല്‍ ഹെല്‍ത്ത് കെയറിന്റെ പേരില്‍ തട്ടിപ്പ്

ഒ പി ഇസ്മായില്‍
കരുവാരക്കുണ്ട്: കരുവാരക്കുണ്ടില്‍ ഫിനോമിനല്‍ ഹെല്‍ത്ത് കെയര്‍ എന്ന പേരില്‍ വന്‍ തട്ടിപ്പ്. മുംബൈ ആസ്ഥാനമായി 1990ല്‍ ആരംഭിച്ചതും കേരളത്തില്‍ തൃശൂര്‍ ജില്ലയില്‍ ചാലക്കുടി കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന ഫിനോമിനല്‍ ഹൗസിങ് ഫിനാന്‍സ് നിക്ഷേപകരില്‍നിന്ന് കോടികളാണ് തട്ടിയെടുത്തത്. 17 വര്‍ഷത്തിനിടയില്‍ ഫിനോമിനല്‍ ഹൗസിങ് ഫിനാന്‍സ്, ഫിനോമിനല്‍ ഇന്‍ഡസ്ട്രീസ്, ഫിനോമിനല്‍ ഹെല്‍ത്ത് കെയര്‍, ഫിനോമിനല്‍ ഹെ ല്‍ത്ത് കെയര്‍ മലയാളി, എസ്എന്‍കെ ഗ്രൂപ്പ്, എസ്എന്‍കെ ഗ്രൂപ്പ് ഓഫ് കമ്പനീസ് മുംബൈ എന്നിങ്ങനെ പേരുകള്‍ നല്‍കിയാണ് തട്ടിപ്പ് നടത്തിയിരുന്നത്.
മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ടില്‍ നൂറുകണക്കിന് നിക്ഷേപകരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയതായി പോലിസില്‍ പരാതിനല്‍കി. കാലാവധി കഴിഞ്ഞിട്ടും പണമോ, മെഡിക്കല്‍ ക്ലെയിമോ ലഭിക്കാതായതോടെയാണ് നിക്ഷേപകര്‍ക്ക് തട്ടിപ്പ് മനസ്സിലായത്. നിക്ഷേപിക്കുന്ന പണത്തിന്റെ ഇരട്ടി തുകയും വര്‍ഷംതോറും മെഡിക്കല്‍ ആനുകൂല്യങ്ങളുമാണ് വാഗ്ദാനം ചെയ്തിരുന്നത്.
നിക്ഷേപകരില്‍ നിന്നു സ്വീകരിക്കുന്ന പണം തമിഴ്‌നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ റിയല്‍ എസ്‌റ്റേറ്റ് ബിസിനസ് ആരംഭിച്ച് ലാഭവിഹിതം നല്‍കുമെന്നായിരുന്നു വാഗ്ദാനം. ഇതിനിടെ ചാലക്കുടി പേരാമ്പ്രയില്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ തുടങ്ങുമെന്ന് പരസ്യം നല്‍കിയും നിക്ഷേപം സ്വീകരിച്ചിരുന്നു. സൗജന്യ ചികില്‍സയും വര്‍ഷംതോറും 30,000 രൂപയുടെ മെഡി ക്ലെയിം ഇന്‍ഷുറന്‍സ് പരിരക്ഷയും വാഗ്ദാനം ചെയ്തു. ആദ്യനാളുകളില്‍ ഡംബര ഹോട്ടലുകളിലായിരുന്നു ക്ലാസുകള്‍. ഇവര്‍ക്ക് ആകര്‍ഷകമായ കമ്മീഷന്‍ നല്‍കിയും ചാലക്കുടി സൗത്ത് ജങ്ഷനില്‍ ബഹുനിലക്കെട്ടിടത്തില്‍ ഹെഡ് ഓഫിസായി പ്രവര്‍ത്തിച്ചുവന്നിരുന്ന ഹെല്‍ത്ത് കെയറിന്റെ പേരിലുള്ള ക്ലെയിം കിട്ടാതായതോടെയാണ് നിഷേപകര്‍ക്ക് സംശയം തോന്നിയത്.
വിരമിച്ച സര്‍ക്കാര്‍ ജീവനക്കാരെയും രാഷ്ട്രീയ സാമൂഹികബന്ധമുള്ള വനിതകളെ യും ഉപയോഗിച്ചാണ് കമ്പനികള്‍ നിക്ഷേപകരെ ആകര്‍ഷിച്ചിരുന്നത്. ടൂര്‍ പാക്കേജ്, ആഡംബര ഹോട്ടലിലെ കണ്‍വന്‍ഷന്‍, കമ്മീഷന്‍ എന്നിവ വാഗ്ദാനം ചെയ്താണ് കമ്പനി ഏജന്റുമാരെ വലയിലാക്കുന്നത്. ഈ ആകര്‍ഷകമായ ഓഫറുകളില്‍ വിശ്വസിച്ച് സുഹൃത്തുക്കളെയും ബന്ധുമിത്രാതികളെയും ചേര്‍ക്കുകയും ഇവരെ വിശ്വസിച്ച് ചേര്‍ന്നവരുമാണ് ചതിയില്‍പ്പെട്ടത്. അന്വേഷിച്ച് നേരിട്ട് എത്തിയവര്‍ക്ക് ഹെഡ് ഓഫിസ് കെട്ടിടം വിറ്റ് പണം നല്‍കാമെന്നായിരുന്നു അടുത്ത വാഗ്ദാനം. അതേസമയം ഹെഡ് ഓഫിസ് കെട്ടിടം ഏഴ് കോടിയോളം രൂപയ്ക്ക് വില്‍പന നടന്നതായും പറയപ്പെടുന്നു.

RELATED STORIES

Share it
Top