ഫാ. നിക്കോളാസ് മഠത്തിലെത്തിയത് കൊലക്കേസ് പ്രതിക്കൊപ്പം

കോട്ടയം: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കൊച്ചിയില്‍ സമരം നടത്തിയ കന്യാസ്ത്രീകളെ സ്വാധീനിക്കാന്‍ കോടനാട് വികാരി ഫാ. നിക്കോളാസ് മണിപ്പറമ്പില്‍ കുറവിലങ്ങാട്ട് മഠത്തിലെത്തിയത് കൊലക്കേസ് പ്രതിക്കൊപ്പം. ശനിയാഴ്ച ഫാ. നിക്കോളാസ് മഠത്തിലെത്തിയതു വിവാദമായതിന് പിന്നാലെയാണു കൂടെയുണ്ടായിരുന്നതു കൊലക്കേസ് പ്രതിയായിരുന്നെന്ന വിവരവും പുറത്തുവന്നിരിക്കുന്നത്.
കര്‍ഷക നേതാവായ തോമസ് എന്ന തൊമ്മിയെ 2011ല്‍ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സജി മൂക്കന്നൂരാണു ഫാദറിനൊപ്പമുണ്ടായിരുന്നത്. ഫാ. നിക്കോളാസ് മഠത്തിലെത്തിയ വാഹനം ഓടിച്ചിരുന്നത് ഇയാളായിരുന്നു. കേസില്‍ റിമാന്‍ഡിലായിരുന്ന സജി ഇപ്പോള്‍ വിചാരണ നേരിടുകയാണ്. അതേസമയം, ഫാ. നിക്കോളാസ് തങ്ങളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നു കന്യാസ്ത്രീകള്‍ ആരോപിച്ചിരുന്നു. മാനസിക സമ്മര്‍ദമുണ്ടാക്കാനായിരുന്നു ശ്രമം. സമരവും പരാതികളും സഭയ്‌ക്കെതിരാണെന്നു പറഞ്ഞു കുറ്റബോധമുണ്ടാക്കാനും ഫാദര്‍ ശ്രമിച്ചതായി കന്യാസ്ത്രീകള്‍ പറഞ്ഞിരുന്നു.
കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ പോലിസില്‍ മൊഴി നല്‍കിയ വികാരിയാണു ഫാ. നിക്കോളാസ് മണിപ്പറമ്പി ല്‍. ഇദ്ദേഹമാണ് പിന്നിട് നിലപാട് മാറ്റി ശനിയാഴ്ച ഫ്രാങ്കോയെ അനുകൂലിച്ച് കന്യാസ്ത്രീകളെ സമീപിച്ചത്.

RELATED STORIES

Share it
Top