ഫാഷിസ്റ്റ് കാലത്തെ ഇടതുപക്ഷ മൗനങ്ങളും ചര്‍ച്ച ചെയ്യപ്പെടണം: സച്ചിദാനന്ദന്‍

കോഴിക്കോട്: കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ ഇടതുപക്ഷത്തിന്റെ മൗനങ്ങളും ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ടെന്ന് കവിയും ചിന്തകനുമായ കെ സച്ചിദാനന്ദന്‍. ഇടതുപക്ഷത്തിന്റെ ഇത്തരം മൗനങ്ങളിലേക്കാണ് വര്‍ഗീയതയും ഫാഷിസവും ഹിംസയും കടന്നുവന്നതെന്ന് സ്വയംവിമര്‍ശനപരമായി കാണേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അളകാപുരിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സച്ചിദാനന്ദന്‍.
കേരളത്തിന്റെ നവോത്ഥാന പ്രക്രിയക്കിടയില്‍ ഒട്ടേറെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ ഇടതു ചിന്താധാരകള്‍ക്ക് കഴിയാതെപോയി.
ആദിവാസി, ദലിത്, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ മൗനം പാലിക്കപ്പെട്ടു. പൊയ്കയില്‍ അപ്പച്ചന്‍, അയ്യങ്കാളി തുടങ്ങിയ നവോത്ഥാന നായകരെക്കുറിച്ചും മൗനം പാലിക്കപ്പെട്ടു. കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങള്‍ എത്രമാത്രം പിന്നോട്ടുപോയി എന്നതിന്റെ തെളിവാണ് “മീശ’ എന്ന നോവല്‍ പിന്‍വലിക്കേണ്ടിവന്ന സാഹചര്യം ബോധ്യപ്പെടുത്തുന്നത്.
ഒരുകാലത്ത് നവോത്ഥാന പ്രക്രിയക്ക് നേതൃത്വം നല്‍കിയ യോഗക്ഷേമസഭ തന്നെയാണ് നോവലിനെതിരേ പ്രതിഷേധവുമായി എത്തിയതെന്നത് ചരിത്രത്തിലെ വലിയ വൈരുദ്ധ്യമാണ്. ഈ സംഘടനയുടെ മാറ്റം തന്നെയാണ് കേരളത്തിനു സംഭവിച്ച ഗുരുതരമായ മാറ്റങ്ങളിലൊന്ന്.
സ്ത്രീകള്‍ക്കെതിരായ അതിക്രമത്തെ ന്യായീകരിക്കുന്നവരെ ചലച്ചിത്ര അവാര്‍ഡ് വിതരണത്തിലെന്നല്ല, എല്ലാറ്റില്‍ നിന്നും ബഹിഷ്‌കരിക്കുകയാണ് വേണ്ടത്. ഇടതുപക്ഷമെന്ന് അവകാശപ്പെടുന്ന സര്‍ക്കാരില്‍ നിന്ന് കുറേക്കൂടി മെച്ചപ്പെട്ട പ്രതികരണം പ്രതീക്ഷിക്കുന്നുവെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.

RELATED STORIES

Share it
Top