ഫാഷിസത്തെ ചെറുക്കാന്‍ വിശാല ബദല്‍ രൂപപ്പെടണം: കാനം

മണ്ണാര്‍ക്കാട്: ബിജെപിയും സംഘപരിവാരവും നടപ്പാക്കുന്ന ഫാഷിസത്തെ ചെറുക്കാന്‍ വിശാലമായ പ്രതിപക്ഷ ബദല്‍ രൂപപ്പെടണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സിപിഐ ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. ഫാഷിസത്തെ ചെറുക്കാന്‍ ഇടത്പക്ഷത്തിനെ കഴിയൂ. നവസാമൂഹിക പ്രസ്ഥാനങ്ങള്‍, വ്യക്തികള്‍, ഗ്രൂപ്പുകള്‍ എന്നിവരുടെ വിശാലമായ കൂട്ടായ്മ രൂപപ്പെടേണ്ടതുണ്ട്. അതിനു മുന്നോടിയായി ഇടത് പ്രസ്ഥാനങ്ങളുടെ ഐക്യം ഉണ്ടാവണം. ഇത്തരത്തില്‍ രൂപപ്പെടുന്ന കൂട്ടായ്മയും തിരഞ്ഞെടുപ്പ് സഖ്യവും ഒരു പോലെ കാണരുത്. ഇത് രണ്ടും രണ്ടാണ്.
പൊതു ശത്രുവിനെ പ്രതിരോധിക്കാന്‍ മിനിമം അജണ്ട നിശ്ചയിച്ച് മുന്നോട്ടു പോകാനാവണം. സിപിഐ ദേശീയതലത്തില്‍ തിരഞ്ഞെടുപ്പു സഖ്യം ഉണ്ടാക്കാറില്ല. അതത് സംസ്ഥാനങ്ങളില്‍ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് സഖ്യങ്ങള്‍ രൂപീകരിക്കുന്ന അടവു നയമാണ് പ്രയോഗിക്കാറ്. മനുഷ്യരെ വിഭജിച്ച് ഐക്യം തകര്‍ത്ത് അധികാരത്തിലെത്താമെന്നാണ് ബിജെപിയുടെ നയം. അതുകൊണ്ടാണ് 31ശതമാനം വോട്ട് കിട്ടിയാലും രാജ്യം ഭരിക്കാന്‍ കഴിയുന്നത്. മോദിയുടെ ഭരണത്തില്‍ ബഹുകോടീശ്വരന്‍മാര്‍ക്കാണു വളര്‍ച്ച. രാജ്യത്ത് പട്ടിണി പാവങ്ങളുടെയും കോടീശ്വരന്‍മാരുടെയും എണ്ണം വര്‍ധിക്കുകയാണ്. തോളിലിരുന്ന് ചെവി തിന്നുകയാണെന്ന് ആക്ഷേപിക്കുന്നവരെ കൊണ്ട് ഒക്കത്തിരുത്തി താലോലിക്കുന്ന സ്ഥിതിയിലേക്ക് സിപിഐ വളരുകയാണ്. സിപിഎമ്മും സിപിഐയും തമ്മില്‍ ഒരു കമ്മ്യൂണിക്കേഷന്‍ ഗ്യാപ്പും ഇല്ല. ഒരു പാര്‍ട്ടിക്കു തന്നെ ഒന്നിലധികം അഭിപ്രായങ്ങള്‍ ഉള്ള കാലത്ത് രണ്ട് പാര്‍ട്ടിക്ക് ഒരു അഭിപ്രായം വേണമെന്ന് ശാഠ്യം പിടിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
എന്‍ ജി മുരളീധരന്‍ നായര്‍, ഒ കെ സൈതലവി, സുമതലത മോഹന്‍ദാസ്, വാസുദേവന്‍ തെന്നിലാപുരം, കെ ഷാജഹാന്‍, കെ കബീര്‍ എന്നിവരടങ്ങുന്ന പ്രസീഡിയം യോഗം നിയന്ത്രിച്ചു. കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗം കെ ഇ ഇസ്മായില്‍, സംസ്ഥാന അസി. സെക്രട്ടറിമാരായ കെ പ്രകാശ്ബാബു, സത്യന്‍ മൊകേരി, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളായ കെ പി രാജേന്ദ്രന്‍, വി ചാമുണ്ണി, സ്വാഗത സംഘം ചെയര്‍മാന്‍ ജോസ് ബേബി, കെ രാജന്‍ എംഎല്‍എ, മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എ, സ്വാഗത സംഘം കണ്‍വീനര്‍ പി ശിവദാസന്‍, മണ്ഡലം സെക്രട്ടറി പാലോട് മണികണ്ഠന്‍ സംസാരിച്ചു. പ്രതിനിധി സമ്മേളനത്തില്‍ പൊതു ചര്‍ച്ചയും മറുപടിയും ഇന്നും തുടരും. ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പും ഇന്നാണ്.

RELATED STORIES

Share it
Top