ഫാഷിസത്തെ ചെറുക്കാന്‍ മതേതര കക്ഷികള്‍ ഒന്നിക്കണം: കാനം

മാനന്തവാടി: ഇടതുപക്ഷകക്ഷികള്‍ മാത്രം യോജിച്ചു പ്രവര്‍ത്തിച്ചതുകൊണ്ട് കേന്ദ്രത്തില്‍ ബിജെപിയുടെ തുടര്‍ഭരണം തടയാനാവില്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേന്ദ്രത്തില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള ഫാഷിസ്റ്റ് ഭരണം വീണ്ടും വരാതിരിക്കാന്‍ മതനിരപേക്ഷ ശക്തികള്‍ ഒന്നിച്ചുള്ള പ്രവര്‍ത്തനമാണ് നടത്തേണ്ടത്. സിപിഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം കമ്മ്യുണിറ്റി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷത്തിന് മാത്രം അതു സാധ്യമല്ലെന്ന് സിപിഐ തിരിച്ചറിഞ്ഞിരിക്കുന്നു. അതുകൊണ്ട് കോണ്‍ഗ്രസ്സിനൊപ്പം കൈകോര്‍ക്കുകയാണ് മതേതര കക്ഷികള്‍ ചെയ്യേണ്ടത്. അതിനെ തിരഞ്ഞെടുപ്പ് രാഷ്ട്രീയ സഖ്യമായി കാണേണ്ടതില്ല. നിര്‍ഭാഗ്യവശാല്‍ കോണ്‍ഗ്രസ്സിനെ മാറ്റിനിര്‍ത്തുന്ന ഇടതുപക്ഷത്തെ ചിലര്‍ ബിജെപി ഉള്‍പ്പെടെയുള്ള വര്‍ഗീയകക്ഷികള സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇടത് ഐക്യം ശിഥിലമാവാതെ നോക്കേണ്ടതു പ്രബല കക്ഷികളുടെ ഉത്തരവാദിത്തമാണ്. നിര്‍ഭാഗ്യവശാല്‍ ഇതിനു വിപരീതമായ പ്രവര്‍ത്തനമാണ് കേരളത്തില്‍ നടക്കുന്നത്. ഫാഷിസത്തെ പ്രതിരോധിക്കാന്‍ ന്യൂനപക്ഷങ്ങള്‍ വര്‍ഗീയതയെ കൂട്ടുപിടിക്കുകയല്ല വേണ്ടത്. ഇവര്‍ കൂടി മതനിരപേക്ഷ ശക്തികള്‍ക്കൊപ്പം നില്‍ക്കണം. ഇടതുപക്ഷത്തിന് മാത്രമായി വര്‍ഗീയശക്തികളെ ചെറുക്കാന്‍ കഴിയില്ലെന്ന് അടുത്തിടെ നടന്ന ബംഗാള്‍ തിരഞ്ഞെടുപ്പ് തെളിയിച്ചു. കേന്ദ്രബജറ്റില്‍ പട്ടികവര്‍ഗക്കാരെയും സാധാരണക്കാരെയും കൈയൊഴിഞ്ഞപ്പോള്‍ തോമസ് ഐസക്കിന്റെ ബജറ്റില്‍ ഈ വിഭാഗങ്ങള്‍ക്കായി പണം നീക്കിവച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി എസ് വിശ്വംഭരന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരി, മന്ത്രി വി എസ് സുനില്‍കുമാര്‍, കെ രാജന്‍ എംഎല്‍എ, ടി പുരുഷോത്തമന്‍, സ്വാഗതസംഘം ഭാരവാഹികളായ എല്‍ സോമന്‍ നായര്‍, ഇ ജെ ബാബു സംസാരിച്ചു. തുടര്‍ന്ന് ജില്ല സെക്രട്ടറി വിജയന്‍ ചെറുകര രാഷ്ട്രീയ വിശകലന റിപോര്‍ട്ട് അവതരിപ്പിച്ചു. തിന്മേലുള്ള ചര്‍ച്ചയും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഇന്നു നടക്കും.

RELATED STORIES

Share it
Top