ഫാഷിസത്തിന്റെ പ്രഭവ കേന്ദ്രത്തില്‍ ഉഗ്രപ്രഹരം നല്‍കണം: ഇ അബൂബക്കര്‍

തിരൂര്‍: ഫാഷിസത്തിന്റെ പ്രഭവ കേന്ദ്രത്തില്‍ ഉഗ്രമായി പ്രഹരിക്കുന്ന യുവാക്കളുടെ മഹാ ഭൂകമ്പമുണ്ടാകണമെന്ന് പോപുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ ഇ അബൂബക്കര്‍. അതോടെ ഇന്ത്യയിലെ ഫാഷിസം തകര്‍ന്നു തരിപ്പണമാവണം. അന്ന് ഇന്ത്യയിലെ ഹിന്ദുക്കളും മുസ്ലിംകളും ക്രിസ്ത്യാനികളും ദലിതുകളും ആദിവാസികളും കമ്മ്യൂണിസ്റ്റുകളും എല്ലാവരും സന്തോഷിക്കുമെന്ന് തിരൂരില്‍ പോപുലര്‍ ഫ്രണ്ട് ഡേ ഉദ്ഘാടനം ചെയ്ത അദ്ദേഹം പറഞ്ഞു.പോപുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്നാണ്  സംഘപരിവാരം ഇപ്പോള്‍ ആവശ്യപ്പെടുന്നത്. ജനാധിപത്യം അംഗീകരിച്ചതാണോ ഞങ്ങള്‍ ചെയ്ത തെറ്റെന്ന് ഇ അബൂബക്കര്‍ ചോദിച്ചു. മുസ്‌ലിംകള്‍ക്കിടയില്‍ വിദ്യാഭ്യാസം പ്രചരിപ്പിച്ചതും പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ സാമൂഹിക സംരംഭങ്ങള്‍ നടത്തിയതുമാണോ ചെയ്ത തെറ്റ്? ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കുന്നതാണോ പോപുലര്‍ ഫ്രണ്ട് ചെയ്ത മഹാപാതകമെന്നും അദ്ദേഹം ചോദിച്ചു.
ഹാദിയ പ്രശ്‌നത്തില്‍ പൗരാവകാശ നിഷേധം എന്ന നിലയിലാണ് പോപുലര്‍ ഫ്രണ്ട് ഇടപെട്ടത്. ഈ വിഷയത്തില്‍ ഹൈക്കോടതി മാര്‍ച്ച് നടത്തിയവര്‍ മാനിഷാദ പാടിയ മഹാകവിയുടെ മനോധര്‍മമാണ് നിര്‍വഹിച്ചത്. ഉത്തരേന്ത്യയില്‍ നിന്നു കേള്‍ക്കുന്ന കൊലപാതകങ്ങള്‍ നാം മറന്നുപോയി. ഇച്ഛാപൂര്‍വം രക്തസാക്ഷികളാവുകയായിരുന്നില്ല അഖ്‌ലാഖും ജുനൈദും മറ്റുള്ളവരും. അങ്ങനെ തീരുമാനിച്ചിരുന്നുവെങ്കില്‍ അവര്‍ കൊല്ലപ്പെടുമായിരുന്നില്ലെന്ന് അബൂബക്കര്‍ ചൂണ്ടിക്കാട്ടി.
രാമജന്മഭൂമി പ്രശ്‌നം വീണ്ടും കുത്തിപ്പൊക്കാന്‍ സംഘപരിവാരം ശ്രമിക്കുന്നത് വോട്ട് തട്ടാനാണ്. ഒരു വിഭാഗത്തെ മാത്രം വേട്ടയാടാമെന്ന് ആരും വ്യാമോഹിക്കേണ്ടതില്ലെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ സദസ്സ് ഹര്‍ഷാരവത്തോടെ സ്വീകരിച്ചു. ബാബരി മസ്ജിദ് പ്രശ്‌നം വെറും റിയല്‍എസ്റ്റേറ്റ് പ്രശ്‌നമോ ഫിഖ്ഹീ പ്രശ്‌നമോ ആയി തെറ്റദ്ധരിച്ച സല്‍മാന്‍ നദ്‌വി അതിലെ രാഷ്ട്രീയം മനസ്സിലാക്കിയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പോപുലര്‍ ഫ്രണ്ടിന്റെ കാര്യത്തില്‍ ഇടതുപക്ഷം സത്യസന്ധമായ സമീപനം സ്വീകരിക്കണം. ആശയപരമായി ഞങ്ങളോടൊപ്പം നില്‍ക്കുന്ന ആരും സിറിയയിലേക്കു പോവില്ല. കിട്ടിയ സ്വാതന്ത്ര്യം നിലനിര്‍ത്താന്‍ ഇന്ത്യയിലാണ് പോരാളികളെ ആവശ്യമെന്ന് ഇ അബൂബക്കര്‍ പറഞ്ഞു.

RELATED STORIES

Share it
Top