ഫാഷിസത്തിന്റെ കൊടിക്കൂറ ഉയര്‍ന്ന രാജ്യത്ത് അതിന്റെ കൗണ്ട്ഡൗണും ആരംഭിച്ചതായി മന്ത്രി

കൊടുങ്ങല്ലൂര്‍: ഫാഷിസത്തിന്റെ കൊടിക്കൂറ ഉയര്‍ന്ന രാജ്യത്ത് അതിന്റെ കൗണ്ട് ഡൗണും ആരംഭിച്ചതായി തദ്ദേശ സ്വയംഭരണ മന്ത്രി കെ ടി ജലീല്‍.  എംഐടി ആസ്ഥാന മന്ദിരവും സാംസ്‌ക്കാരിക സമ്മേളനവും കൊടുങ്ങല്ലൂര്‍ ചന്തപ്പുരയില്‍ ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അസഹിഷ്ണുതയുടെയും സമാധാനക്കേടിന്റെയും അശാന്തിയുടെയും രാഷ്ടീയം നമ്മുടെ രാജ്യത്ത് മാത്രമല്ല ലോകത്ത് ഒരിടത്തും ശാശ്വതമാവില്ലെന്നും  മന്ത്രി വ്യക്തമാക്കി. സ്വതന്ത്ര്യാനന്തര ഇന്ത്യയില്‍ പ്രബല ന്യുനപക്ഷങ്ങള്‍ക്ക് കാബിനറ്റില്‍ പ്രാതിനിധ്യമില്ലാത്ത ആദ്യത്തെ മന്ത്രിസഭയാണ്  ഇപ്പോള്‍ അധികാരത്തിലിരിക്കുന്നത്. ഇത് രാജ്യത്തിന്റെ മതനിരപേക്ഷ നിലപാടുകള്‍ക്ക് വിരുദ്ധമാണ്. എന്നാല്‍ എന്തൊക്കെ സംഭവിച്ചാലും ഫാഷിസം നിലള നില്‍ക്കില്ല. രാജ്യത്തെ ഭരണകര്‍ത്താക്കളുടെ മതവും വിശ്വാസവുമെല്ലാം ഇപ്പോഴാണ് ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്.
എട്ടു നൂറ്റാണ്ട് തുടര്‍ച്ചയായി ഭരണം നടത്തിയ ഭരണകര്‍ത്താക്കള്‍ക്കെതിരേ രാജ്യത്തെ  ഭൂരിപക്ഷമായ ഹിന്ദുസമുദായത്തിന്റെ ഭാഗത്ത് നിന്ന് എതിര്‍പ്പുകളൊന്നും ഉയര്‍ന്നിരുന്നില്ല. സ്വാതന്ത്ര്യ സമര കാലഘട്ടത്തില്‍ ക്രിസ്ത്യാനികളായ ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടുപോവണമെന്ന ആവശ്യം ആരും ഉന്നയിച്ചിരുന്നില്ല. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ഒരു മതത്തിലും വിശ്വസിക്കാത്ത ജവഹര്‍ലാല്‍ നെഹ്രുവാണ് 17 വര്‍ഷം തുടര്‍ച്ചയായി പ്രധാനമന്ത്രിയായത്.
റേഷന്‍ കാര്‍ഡിന് അപേക്ഷ നല്‍കാന്‍ അറിയാത്ത ഒരാള്‍ക്ക് അത് പൂരിപ്പിച്ച നല്‍കുന്നതായിരിക്കും ഐച്ഛിക ആരാധനയെക്കാള്‍ ഉത്തമമെന്നും എല്ലാ കാര്യങ്ങളിലും നീതിയുംന്യായവും നോക്കിയായിരിക്കണം മുസ്ലിം സംഘടനകള്‍ നിലപാട് സ്വീകരിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.  എംഐടി ട്രസറ്റ് ചെയര്‍മാന്‍ കെ സി ഹൈദ്രോസ്് അധ്യക്ഷനായി. ചടങ്ങില്‍ ജമാഅത്തെ ഇസ്ലാമി സംസഥാന കുടിയാലോചനാ സമിതിയംഗം ഹക്കീം നദവി മുഖ്യപ്രഭാഷണം നടത്തി. ഡോ:പി മുഹമ്മദലി(ഗള്‍ഫാര്‍) മുഖ്യാതിഥിയായിരുന്നു. ഇടിടൈസന്‍ എംഎല്‍എ, ജമാഅത്തെ ഇസ്ലാമി മുന്‍ അഖിലേന്ത്യാ ഉപാധ്യക്ഷന്‍ പ്രഫ. കെ എ സിദ്ദീക്ക ഹസ്സന്‍, ജില്ലാ പ്രസിഡന്റ് എം എ ആദം മൗലവി, പഞ്ചായത്ത പ്രസിഡന്റ് ടി എം ഷാഫി, നഗരസഭ പ്രതിപക്ഷ നേതാവ് വി ജി ഉണ്ണികൃഷ്ണന്‍, ടി എം നാസര്‍, എം കെ മാലിക്ക്, ബളോക്ക് അംഗം സഈദ് സുലൈമാന്‍, ഇ എ റഷീദ്, മാള ടി എ മുഹമ്മദ് മൗലവി, കെ എ കാസിം മൗലവി, കദീജറഹ്മാന്‍, പി ഡി അബദുറസാക്ക് മൗലവി പങ്കെടുത്തു.

RELATED STORIES

Share it
Top